shooting

ഒഹായോ: അമേരിക്കയിലെ ടെക്സസിൽ നടന്ന വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ട്‌ മണിക്കൂറുകൾ കഴിയും മുൻപ് ഒഹായോവിലും രക്തക്കളം തീർത്ത് തോക്കേന്തിയ കൊലയാളി. രണ്ട് വ്യത്യസ്ത കൊലയാളികളാണ് രണ്ട്‍ സ്ഥലങ്ങളിലായി ജനങ്ങളുടെ ജീവനെടുത്തത്. അമേരിക്കൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് ഒഹായോവിലെ ഒറിഗണിൽ തോക്കുമായി എത്തി ഇയാൾ വെടിയുതിർക്കാൻ ആരംഭിച്ചത്. നിരവധി പേരെ വെടിവച്ച് വീഴ്ത്തിയ ഇയാളെ, ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസുകാർ വെടിവച്ച് കൊല്ലുകയായിരുന്നു. ആക്രമണം നടത്തുമ്പോൾ ഇയാൾ ശരീര കവചം ധരിച്ചിട്ടുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഒൻപത് പേരാണ് ഇയാളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ 16 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ശനിയാഴ്ച ടെക്സസിലെ ഒരു വാൾമാർട്ട് സ്റ്റെറിൽ വച്ച് 21 വയസുകാരനായ പാട്രിക്ക് ക്രൂഷ്യസ് 20 പേരെ വെടിവച്ച് കൊന്നിരുന്നു. ഇയാളുടെ ആക്രമണത്തിൽ 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാൾമാർട്ട് അമേരിക്കയിലെ പേരുകേട്ട സൂപ്പർ മാർക്കറ്റ് ശൃംഖലയാണ്. മാർക്കറ്റിൽ പ്രവേശിച്ച ശേഷം ഇയാൾ ഒരോരുത്തരെയായി പിന്തുടർന്ന് ചെന്ന് വെടിവയ്ക്കുകയായിരുന്നു. വെടിവെക്കാൻ റൈഫിളാണ് ഇയാൾ ഉപയോഗിച്ചത്. ഇയാളെ വാൾമാർട്ടിന്റെ പരിസരത്ത് വച്ച് തന്നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വംശീയ വിദ്വേഷമാണ് ഇയാൾ ഈവിധം ആൾക്കാരെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് ഇയാൾ ഓൺലൈൻ വഴി പുറത്തുവിട്ട ഒരു കുറിപ്പ് പൊലീസ് പരിശോധിച്ച് വരികയാണ്.