us-

 വെടിവയ്പു നടന്നത് ടെക്സാസിലും ഓഹിയോയിലും

ടെക്സാസ്: അമേരിക്കയിൽ 24 മണിക്കൂറിനിടെ രണ്ടിടത്തായി നടന്ന വെടിവയ്പിൽ 29 പേർ കൊല്ലപ്പെട്ടു. ടെക്‌സാസിൽ എൽ പാസോയിലെ വാൾമാർട്ട് സ്റ്റോറിൽ 20 പേരും, പതിമൂന്നു മണിക്കൂറിനു ശേഷം ഓറിഗൺ നിശാക്ളബിലെ വെടിവയ്‌പിൽ ഒൻപതു പേരുമാണ് മരിച്ചത്. രണ്ടിടത്തുമായി അറുപതിലധികം പേർക്ക് പരിക്കേറ്റു. രണ്ടാമത്തെ സംഭവത്തിലെ അക്രമയെ പൊലീസ് വെടിവച്ചുകൊന്നു.

ശനിയാഴ്ചയായിരുന്നു ടെക്‌സാസിലെ വെടിവയ്‌പ്. തിരക്കേറിയ വ്യാപാരശാലയിലേക്ക് കടന്നുകയറിയ അക്രമി തുരുതുരെ വെടിയുതിർക്കുകായിരുന്നു. അക്രമിയായ അലൻ സ്വദേശി പാട്രിക് ക്രൂസിയർ (21) പിന്നീട് പൊലീസിന് കീഴടങ്ങി. വെടിവയ്പ് നടക്കുന്ന സമയത്ത് സ്റ്റോറിൽ രണ്ടായിരത്തോളം പേരുണ്ടായിരുന്നു. പാർക്കിംഗ് ഏരിയയിൽ നിരവധി പേർ വെടിയേറ്റ് വീണുകിടക്കുന്നതിന്റെയും ആളുകൾ നിലവിളിച്ചുകൊണ്ട് ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഓഹിയോയിലെ ഡേടനിൽ നിശാ ക്ളബിൽ ഒൻപതു പേരുടെ മരണത്തിന് ഇടയാക്കിയ വെടിവയ്പ് ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു. ഫിഫ്‌ത് സ്ട്രീറ്റിലെ നെഡ് പെപ്പേഴ്സ് ബാറിനു മുന്നിലാണ് വെടിവയ്‌പുണ്ടായത്. ബാറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകാഞ്ഞതിനെ തുടർന്ന് ഒരാൾ ചുറ്റിനും വെടിവയ്‌ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓഹിയോയിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഡേടൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് വെടിവയ്പിൽ അക്രമി കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വെടിവയ്‌പിനെക്കുറിച്ച് ഭീരുത്വ നടപടിയെന്ന് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. അമേരിക്കയിൽ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ വെടിവയ്പാണിത്. കഴിഞ്ഞ ഞായറാഴ്ച വടക്കൻ കാലിഫോർണിയയിൽ യുവാവ് നടത്തിയ വെടിവയ്പിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചിരുന്നു.