vellappally-

മുണ്ടക്കയം: മറ്റുള്ളവർക്കുവേണ്ടി മുന്നിൽനിന്നു സമരംചെയ്യാനും കൊടിപിടിക്കാനും ഈഴവ സമുദായക്കാർ പോകരുതെന്നാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ എല്ലാക്കാലത്തേയും അഭിപ്രായമെന്നും അതുതന്നെയായിരുന്നു ശബരിമല വിഷയത്തിലും നിലപാടെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹൈറേഞ്ച് യൂണിയന്റെ നേതൃത്വപരിശീലന ക്യാമ്പ് 'ദിശ 2019" മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നിൽ നിന്നു സമരം ചെയ്ത കെ.സുരേന്ദ്രൻ 280 കേസുകളിൽ പ്രതിയായപ്പോൾ ശ്രീധരൻപിള്ളയുടെ പേരിൽ ഒറ്റ കേസുപോലുമില്ല. എല്ലായിടത്തും ചതിക്കപ്പെടുകയാണ് ഈഴവർ. കേരളത്തിലെ അഞ്ചു ദേവസ്വം ബോർഡുകളിലായി ഇരുപതിനായിരത്തിൽപ്പരം ജീവനക്കാരുണ്ട്. 24,000 മുതൽ ഒരുലക്ഷം രൂപവരെ ശമ്പളം പറ്റുന്നവർ. ഇതിൽ 96 ശതമാനവും സവർണരാണ്. ഒരു സമരവും ചെയ്യാതെ 96ശതമാനം കൈവശം വച്ചുകൊണ്ടിരിക്കുന്നവർക്കാണ് പത്തു ശതമാനം സംവരണംകൂടി കൊടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേൽ ദിശ സന്ദേശം നൽകി. യോഗം ഡയറക്ടർ ബോർഡ് അംഗം ഡോ. പി. അനിയൻ ആമുഖ പ്രഭാഷണവും ഡയറക്ടർ ബോർഡ് അംഗം ഷാജി ഷാസ് മുഖ്യ പ്രഭാഷണവും നടത്തി. സി.എൻ.മോഹനൻ, എ.കെ.രാജപ്പൻ, എം.എ.ഷിനു, കെ.എസ്.രാജേഷ്. പി.എ.വിശ്വംഭരൻ, ബിപിൻ കെ. മോഹൻ, അരുണാബാബു, സിന്ധു മുരളീധരൻ, എം.വി. ശ്രീകാന്ത്, കെ.റ്റി. വിനോദ്, കെ.എൻ. രാജേന്ദ്രൻ, വിനോദ് തന്ത്രി, എം.വി. വിഷ്ണു, അതുല്യ ശിവദാസ്, അതുല്യ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
യോഗം കൗൺസിലർ പി.റ്റി മന്മഥൻ, സൈക്കോളജിസ്റ്റ് ഡോ. അനൂപ് വൈക്കം, കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. വിവിധ രംഗങ്ങളിൽ മികവു തെളിയിച്ചവർക്ക് പുരസ്‌കാര വിതരണം കലാവിരുന്ന്, ക്യാമ്പ് അംഗങ്ങൾക്ക് ഉപഹാരവിതരണം, സ്നേഹവിരുന്ന് എന്നിവയും നടത്തി.