housewife

കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്ക് എത്തുമ്പോൾ നഷ്ടപ്പെടുന്നത് കുടുംബ ബന്ധത്തിന്റെ സ്നേഹവും ഊഷ്മളതയുമാണെന്നാണ് പഴമക്കാർ പറയുന്നത്. ഇത് ഏറെക്കുറെ ശരിവയ്ക്കുന്ന സംഭവങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. കാമുകനോടൊപ്പം ജീവിക്കാനായി ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തുന്നതും, അന്യസ്ത്രീയെ സ്വന്തമാക്കാനായി നിമിഷനേരം കൊണ്ട് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ചിറങ്ങുന്ന ഭർത്താക്കന്മാരും ഇന്ന് സ്ഥിരം കാഴ്ചയായി മാറി. എന്നാൽ സ്വന്തം ഭർത്താവ് വർഷങ്ങളോളം ഭാര്യയോട് മിണ്ടാതെയിരുന്നാലോ? അതും ഒന്നും രണ്ടുമല്ല. 25 വർഷം!

എറണാകുളത്തെ കാക്കനാടുള്ള ഈ വീട്ടമ്മയോട് കഴിഞ്ഞ 25 വർഷമായി ഭർത്താവ് ഒന്നും മിണ്ടാറില്ല. ഗതികെട്ട്, തനിക്ക് പറയാനുള്ള കാര്യങ്ങൾ ഇവർ ഒരു നോട്ടുപുസ്തകത്തിൽ എഴുതി വയ്ക്കും. വീട്ടിലേക്കുള്ള സാധനങ്ങളും ഇങ്ങനെ വീട്ടമ്മ എഴുതി നൽകും. ഭർത്താവ് ഒന്നും മിണ്ടാതെ അത് വാങ്ങി വരികയും ചെയ്യും. സഹികെട്ട് ഒടുവിൽ വനിതാ കമ്മീഷനിൽ പരാതി നൽകിയിരിക്കുകയാണ് ഇവർ. എറണാകുളത്ത് വനിതാ അദാലത്തിലാണ് ഇവർ ഇക്കാര്യം പരാതിപ്പെട്ടത്.

കമ്മീഷന്റെ സിറ്റിംഗിലാണ് ഇവർക്ക് തമ്മിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നതെന്ന്‌ ഭർത്താവും പറയുന്നു. ഏതായാലും ഇവരുടെ പ്രശ്നം മനസിലാക്കിയ കമ്മീഷൻ ഇവരോട് കൗൺസിലിംഗിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഈ പരിഭവത്തിനിടയിൽ ആകെയുള്ള ഒരു മകന്റെ കാര്യം ഇവർ മറന്നുപോകുന്നുവെന്നും കമ്മീഷൻ ഓർമിപ്പിച്ചു. ഇവരുടെ മകൻ ഒരു സ്വകാര്യ എൻജിനീയറിങ് കമ്പനിയിൽ ട്രെയിനിയാണ്.