kuldeep

ലക്നൗ: ഉന്നാവോ മാനഭംഗക്കേസിലെ പ്രതി കുൽദീപ് സിംഗ് സെൻഗാറിന്റെ വീട്ടിലും, പെൺകുട്ടിയെ അപകടപ്പെടുത്താൻ ശ്രമിച്ച കേസിലെ മറ്റ് പ്രതികളുടെ വീടുകളിലും സി.ബി.ഐ റെയ്ഡ് നടത്തി. ലക്നൗ, ഉന്നാവോ, ബാണ്ഡ, ഫത്തേപ്പൂർ ജില്ലകളിലെ 17 കേന്ദ്രങ്ങളിലാണ് സി.ബി.ഐ അന്വേഷണസംഘത്തിന്റെ റെയ്ഡ് നടന്നത്. ഉന്നാവോ പെൺകുട്ടിയെ അപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സെൻഗാറിനും മറ്റ് ഒമ്പതുപേർക്കും തിരിച്ചറിയാത്ത 20ഓളം പേർക്കുമെതിരെ സി.ബി.ഐ കേസെടുത്തിരുന്നു.

ഉന്നാവോ വധശ്രമക്കേസിൽ സെൻഗാറിനെയും സഹോദരൻ അതുൽ സിംഗിനെയും സി.ബി.ഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട് നിലവിൽ സീതാപൂർ ജയിലിൽ റിമാൻഡിലാണ് സെൻഗാറും അതുൽ സിംഗും. കഴിഞ്ഞദിവസം സെൻഗാർ കഴിയുന്ന സീതാപൂർ ജയിലിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു. കുൽദീപിനെ ജയിലിൽ സന്ദർശിക്കാനെത്തിയവരുടെ വിവരങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.

ഇക്കഴിഞ്ഞ ജൂലായ് 30നാണ് ഉന്നാവോ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച് അപകടമുണ്ടായത്. പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ അപകടത്തിൽ മരിച്ചിരുന്നു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ട്രക്കിന്റെ ഉടമയെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ വാഹനം പിടിച്ചെടുക്കാതിരിക്കാനാണ് നമ്പർ പ്ലേറ്റ് മറച്ചതെന്നായിരുന്നു ട്രക്കിന്റെ ഉടമ നൽകിയ മൊഴി. അതേസമയം, വെന്റിലേറ്ററിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.