ദുബായ്: ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ, വീണ്ടും പ്രകോപനം സൃഷ്‌ടിച്ചുകൊണ്ട് ഇറാൻ, അറബ് രാജ്യങ്ങൾക്കുവേണ്ടി ഇന്ധനം കടത്തിയ വിദേശ എണ്ണക്കപ്പൽ പിടിച്ചെടുത്തു. ഇറാൻ റവല്യൂഷണറി ഗാർഡാണ് കപ്പൽ പിടിച്ചതെന്നും കപ്പലിൽ വിവിധ രാജ്യക്കാരായ ഏഴ് ജീവനക്കാരുണ്ടെന്നും ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. പേർഷ്യൻ ഉൾക്കടലിൽനിന്ന് ഏഴ് ലക്ഷം ലിറ്റർ ഇന്ധനവുമായി അറബ് രാജ്യങ്ങളിലേക്ക് പോയ കപ്പലാണ് ഫാർസി ദ്വീപിന് സമീപം പിടിച്ചെടുത്തത്. ഇത് ഏത് രാജ്യത്തിന്റെ കപ്പലാണെന്ന് പരസ്യമാക്കിയിട്ടില്ല.ജീവനക്കാരിൽ ഇന്ത്യക്കാരുണ്ടോ എന്നും വ്യക്തമല്ല.
ചട്ടങ്ങൾ ലംഘിച്ച് ചില കപ്പലുകളിൽ നിന്ന് എണ്ണ ശേഖരിച്ച് അറബ് രാജ്യങ്ങളിൽ വിതരണം ചെയ്യാനുള്ള നീക്കത്തിനിടെയാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാൻ ഉദ്യോഗസ്ഥർ പറയുന്നു. കപ്പലിലെ ജീവനക്കാരെ ഇറാൻ സൈന്യം കസ്റ്റഡിയിലെടുത്തു. പേർഷ്യൻ കടലിൽ എണ്ണ നിയമവിരുദ്ധമായി കടത്തുന്നതായി ഇറാൻ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതിനെ തുടർന്ന് ഇറാൻ സൈന്യം പട്രോളിംഗ് ശക്തമാക്കിയിരുന്നു. അതേസമയം, കപ്പൽ പിടിച്ചെടുത്തതിനെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് യു.എസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട വക്താവ് പറഞ്ഞു. ബഹ്റൈനിലാണ് ഇപ്പോൾ യു.എസിന്റെ ഈ നാവികസേന കപ്പൽ വ്യൂഹമുള്ളത്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ബ്രിട്ടന്റെ കപ്പലുകൾക്ക് അകമ്പടിയായി യുദ്ധക്കപ്പലുകൾ അയച്ചു തുടങ്ങിയെന്ന് ജൂലായ് 25ന് ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ എണ്ണക്കടത്തിന്റെ ഈ നിർണായക പാതയിൽ നടക്കുന്ന ഏതു പ്രകോപനപരമായ നീക്കത്തിനും തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്റെ നയം.
പകവീട്ടി ഇറാൻ
കഴിഞ്ഞമാസം സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തിയെന്നാരോപിച്ച് ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ് വൺ ജിബ്രാൾട്ടർ കടലിടുക്കിൽ വച്ച് ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമുദ്രാർതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ബ്രിട്ടന്റെ സ്റ്റെന ഇംപറോ എന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽവച്ച് ഇറാൻ പിടികൂടിയത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇരുകപ്പലിലുമായി ഉണ്ട്. ഇവ വിട്ടുകൊടുക്കുന്നതിന് ചർച്ചകളും നയതന്ത്ര ശ്രമങ്ങളും തുടരുന്നതിനിടെയാണ് പുതിയ സംഭവം. സ്റ്റെന ഇംപറോയ്ക്ക് പുറമെ, യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത പനാമ കപ്പൽ എം.ടി റിയയും ഇറാൻ പിടിച്ചിരുന്നു. ഇതിലുണ്ടായിരുന്ന 12 ഇന്ത്യക്കാരിൽ ഒമ്പത് പേരെ പിന്നീട് വിട്ടയച്ചു.
ജൂലായ് 4: ഇറാൻ എണ്ണക്കപ്പലായ ഗ്രേസ് വൺ ജിബ്രാൾട്ടർ കടലിടുക്കിൽ ബ്രിട്ടൻ പിടികൂടുന്നു
ജൂലായ് 14: പനാമയുടെ പതാകയുള്ള എം.ടി റിയ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടികൂടുന്നു
ജൂലായ് 19: ബ്രിട്ടീഷ് എണ്ണക്കലായ സ്റ്റെന ഇംപറോ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടികൂടുന്നു
''ഒരു വെടിമരുന്നുശാല പോലെയാണ് പേർഷ്യൻ ഉൾക്കടൽ. ചെറിയൊരു പൊട്ടിത്തെറി മതി വൻ സ്ഫോടനമുണ്ടാകാൻ"- ഇറാന്റെ ബ്രിഗേഡിയർ ജനറൽ അഹമ്മദ്‌റേസ പൗർദസ്ഥാൻ