goury
ശ്രീരാഘവപുരം സഭാ യോഗം ഭാരവാഹികൾ ഗൗരി അന്തർജനത്തിന് സഹായധനം കൈമാറുന്നു.

നീലേശ്വരം: കേരളകൗമുദി വാർത്ത ഫലം കണ്ടു. ഗൗരി അന്തർജനത്തിന് സഹായവുമായി ബ്രാഹ്മണ സംഘമായ ശ്രീരാഘവപുരം സഭാ യോഗമെത്തി.

കഴിഞ്ഞ ഒന്നിന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച 'കൈയിലുണ്ട് നാളെയുടെ ഭാഗ്യലക്ഷം, ഗൗരി അന്തർജനത്തിന് ഇന്നത്തെ അന്നം" എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ശ്രീരാഘവപുരം സഭാ യോഗം അന്തർജനത്തിന് സഹായധനവുമായെത്തിയത്. കഴിഞ്ഞ ദിവസം ഗൗരി അന്തർജനത്തിന്റെ പുതുക്കൈ ചുടുവത്തുള്ള വീട്ടിൽ എത്തിയാണ് ഭാരവാഹികൾ സാമ്പത്തിക സഹായം ഏല്പിച്ചത്. ഗൗരി അന്തർജനത്തിന്റെയും സഹോദരി സൗദാമിനിയുടെയും സംരക്ഷണം ഏറ്റെടുക്കാമെന്ന് സഭായോഗം അറിയിച്ചെങ്കിലും ഇരുവരും സ്നേഹപൂർവം നിരസിച്ചു. ഇപ്പോൾ താമസിക്കുന്ന വീട്ടിൽ തന്നെ തുടരാനാണ് താത്പര്യമെന്നും ആവശ്യമെങ്കിൽ പിന്നീട് അറിയിച്ച് കൊള്ളാമെന്നും ഗൗരി അന്തർജനം പറഞ്ഞു.

തുടർന്ന് ഇരുവരുടെയും ചെലവുകൾക്കായി പ്രാരംഭ സഹായമായി മാസംതോറും ആയിരം രൂപ നൽകുമെന്ന് സഭായോഗം ഭാരവാഹികൾ അറിയിച്ചു. ലോട്ടറി വില്പനയ്ക്ക് വേണമെങ്കിൽ സ്റ്രാൾ ഒരുക്കിക്കൊടുക്കാമെന്നും അവർ അന്തർജനത്തിന് ഉറപ്പ് നൽകി.

ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് സഭാ യോഗം പ്രവർത്തിക്കുന്നത്. നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഇതിന് മുമ്പും ഇവർ നടത്തിയിട്ടുണ്ട്.

ഹരി നമ്പൂതിരി, മുൻ ബദരീനാഥ് റാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി, കേശവതീരം എം.ഡി. വെദിരമന വിഷ്ണു നമ്പൂതിരി, ചേറ്റൂർ കൃഷ്ണൻ നമ്പൂതിരി, ദിലീപ് വാഴുന്നവർ, ശീരവള്ളി ഉണ്ണി നമ്പൂതിരി, ഗിരിജ അന്തർജനം,​ വരദൻ നമ്പൂതിരി, നീലമന ഉദയൻ നമ്പൂതിരി, എ.വി. ബാലകൃഷ്ണൻ, കിഴക്കില്ലം നീലമന രഞ്ജിത് നരസിംഹൻ നമ്പൂതിരി എന്നിവർ ചേർന്നാണ് സഹായധനം നൽകിയത്.