ശ്രീനഗർ: പാകിസ്ഥാനിൽ നിന്ന് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. ഭീകകരുടെ നിരന്തര ശ്രമത്തിൽ ഒരെണ്ണം വിജയകരമായി നടന്നു. നാലോ അഞ്ചോ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ജൂലായ് 29നും 31നും ഇടയിലാണ് ഇത് സംഭവിച്ചതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാശ്മീരിലെ പുൽവാമയിൽ നടത്തിയ ഭീകരാക്രമണത്തിന് സമാനമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവരം.
കഴിഞ്ഞ ദിവസം ജമ്മു - കാശ്മീരിൽ നുഴഞ്ഞു കയറാനുള്ള പാകിസ്ഥാന്റെ ശ്രമം തകർത്തതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്റെ ബോർഡർ ആക്ഷൻ ടീമാണ് (ബി.എ.ടി) കേരൻ സെക്ടറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ അഞ്ച് നുഴഞ്ഞുകയറ്റകാർ കൊല്ലപ്പെട്ടെന്നും സൈന്യം അറിയിച്ചു. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റക്കാർ മരിച്ചുകിടക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.
കശ്മീരിൽ അതീവ ജാഗ്രതാ നിദ്ദേശം നൽകി 36 മണിക്കൂറിനകമാണ് പാകിസ്ഥാന്റെ നീക്കം. വിനോദ സഞ്ചാരികളോടും അമർനാഥ് തീർത്ഥാടകരോടും മടങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ട്. കശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ജയ്ഷ് ഭീകരരെ സൈന്യം വധിച്ചിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെ ഭീകരർ അമർനാഥ് തീർത്ഥാടകരെ ലക്ഷ്യം വയ്‌ക്കാൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റപ്പോർട്ടുണ്ടായിരുന്നു.
അതേസമയം, സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കാശ്മീരിൽ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. സന്ദർശനത്തിന്റെ വിശദമായ പരിപാടികൾ തയാറാക്കി വരുന്നതേയുള്ളൂവെന്നാണു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം ജമ്മുവിലെത്തുന്ന ആഭ്യന്തര മന്ത്രി അവിടെനിന്ന് കാശ്മീർ താഴ്വരയിലേക്കു പോകുമെന്നാണ് റിപ്പോർട്ട്.