തിരുവനന്തപുരം: മദ്യ ലഹരിയിൽ മാദ്ധ്യമപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പൂജപ്പുരെ സബ് ജയിലിലേക്ക് മാറ്റും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ റിമാൻഡ് പ്രതികളുടെ സെല്ലിലേക്കാണ് ശ്രീറാമിനെ ആദ്യം എത്തിക്കാൻ തീരുമാനിച്ചതെങ്കിലും മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. ശ്രീറാമിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മജിസ്ട്രേറ്റിന് ബോദ്ധ്യമായതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. സ്വകാര്യ ആശുപത്രി വാസം ആവശ്യമില്ലെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി.
അതേസമയം, ആരോഗ്യ സ്ഥിതി പരിശോധിച്ച് പൂജപ്പുര സബ് ജയിലിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ പുറപ്പെട്ട ശ്രീറാമിനെ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയിരുന്നു. സ്ട്രച്ചറിൽ പുറത്തെത്തിച്ച ശ്രീറാം വെങ്കിട്ടരാമന്റെ മുഖം മാസ്ക് ഉപയോഗിച്ച് മറച്ചാണ് ആംബുലൻസിലേക്ക് കയറ്റിയത്. കനത്ത പൊലീസ് കാവലാണ് ആശുപത്രിക്ക് ചുറ്റും ഏർപ്പെടുത്തിയത്.