കോഴിക്കോട്: ഡൽഹിയിൽ കേരള സർക്കാരിന്റെ ലെയ്സൺ ഓഫീസറായി നിയമിച്ച എ.സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളിൽ യു.ഡി.എഫ് എം.പിമാർ പങ്കെടുക്കില്ലെന്ന് കെ മുരളീധരൻ എം.പി അറിയിച്ചു. ജനങ്ങൾ തിരഞ്ഞെടുത്ത എം.പിമാരെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെന്നും എം.പിമാർക്ക് ഇല്ലാത്ത കഴിവ് മുൻ എം.പിക്കുണ്ടോയെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.പിമാരെയും രാജ്യസഭയിലുള്ള എളമരം കരീമിനെയും വിശ്വാസമില്ലാത്തതിനാലാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സമ്പത്തിനെ ഡൽഹിയിൽ കാബിനറ്റ് റാങ്കോടെ നിയമിച്ചത്. സർക്കാർ പ്രവർത്തനം തുടങ്ങി മൂന്ന് വർഷത്തിനു ശേഷം എന്തിനാണ് ഇത്തരമൊരു നിയമനം? തിരഞ്ഞെടുക്കപ്പെട്ട എം.പിമാരെ മാറ്റി നിറുത്താനുള്ള നടപടി സമ്പത്തിന്റെ ഭാഗത്ത് നിന്നുണ്ടായാൽ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യും.
ചാവക്കാട് പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ ദാരുണാന്ത്യത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്ന് ഉടൻ സസ്‌പെന്റ് ചെയ്യണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.