തിരുവിതാംകൂർ ചരിത്രം തിരുത്തിക്കുറിച്ച കെ.സി.എസ്. മണിയെ കേരളം മറന്നുപോയി എന്നു തോന്നുന്നു. സ്വാതന്ത്ര്യത്തിനു തൊട്ടുമുൻപ് സർ സി.പിയുടെ കിരാതഭരണത്തിൽ വിറങ്ങലിച്ചുനിന്ന സമയത്ത്, കേരളം ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്ര പരമോന്നത രാഷ്ട്രമായി മാറ്റി അമേരിക്കൻ മോഡൽ പ്രസിഡന്റ് സമ്പ്രദായം കൊണ്ടുവരാൻ ഉദ്ദേശിച്ചപ്പോഴാണ് സി. പി. യെ വധിക്കാൻ പദ്ധതിയിട്ടത്.
ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യയെ വിഭജിച്ച് ഇന്ത്യയും പാകിസ്ഥാനുമായി രണ്ട് സ്വാതന്ത്ര രാഷ്ട്രങ്ങൾ രൂപകല്പന ചെയ്തു. ഇന്ത്യയിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങൾക്ക് ഏതെങ്കിലും ഒരു രാജ്യത്തിൽ ചേരാനോ സ്വതന്ത്രമായി നിൽക്കാനോ ഉള്ള സ്വാതന്ത്ര്യവും നൽകി. തിരുവിതാംകൂറിലെ ജനങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഏകാധിപതിയായ സർ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂറിനെ അമേരിക്കൻ മോഡൽ ഭരണഘടന അനുസരിച്ച് സ്വതന്ത്ര പരമോന്നത രാഷ്ട്രമായി നിലനിറുത്താൻ തീരുമാനിച്ചു. ഇതിനെതിരെയുള്ള ജനരോഷത്തെ അദ്ദേഹം അടിച്ചമർത്തി. അങ്ങനെയാണ് സി.പിയെ കൊല്ലാൻ ലക്ഷ്യമിട്ട് ജൂലായ് 19 ന് കെ.സി.എസ് മണി തിരുവനന്തപുരത്തെത്തിയത്. രവീന്ദ്രനാഥ് മേനോൻ എന്ന കള്ളപ്പേരിൽ ഹോട്ടലിൽ മുറിയെടുത്തു. വെട്ടുകത്തി സംഘടിപ്പിച്ചു. ജൂലായ് 25ന് വൈകിട്ട് തൈക്കാട് സംഗീത കോളേജിന്റെ മുൻവശത്ത് നടക്കുന്ന സംഗീതക്കച്ചേരിയ്ക്ക് ദിവാന്റെ ആശംസാപ്രസംഗം ഉണ്ടെന്നറിഞ്ഞു. ഈ അവസരം ഉപയോഗിക്കാൻ മണി തീരുമാനിച്ചു. ദിവാൻ രാജാവിനെ യാത്രയാക്കിയതിനു ശേഷം സദസിന്റെ മുൻനിരയിലിരുന്ന് സംഗീതക്കച്ചേരി ആസ്വദിക്കാൻ തുടങ്ങി. സമയം ഏകദേശം 7.30. ദിവാൻ പോകാനെഴുന്നേറ്റു. സദസ്യരും ബഹുമാനപൂർവം എഴുന്നേറ്റു. ദിവാൻ വരുന്ന വഴിയിൽ മണി വെട്ടുകത്തി ഒളിപ്പിച്ചുവച്ച് കാത്തുനിന്നു. ദിവാൻ അടുത്തെത്തിയപ്പോൾ മണി ദിവാന്റെ കഴുത്തിന് ആഞ്ഞുവെട്ടി. എന്നാൽ ഉന്നം തെറ്റി. ഇരുളിലെ ബഹളത്തിൽ മണി പൊലീസിൽ പിടിയിൽ നിന്നും രക്ഷപ്പെട്ടു. തുടർന്ന് തിരുവിതാംകൂർ രാജ്യം ഇന്ത്യൻ യൂണിയനിൽ ചേരാൻ തീരുമാനിച്ചു. ആഗസ്റ്റ് 19-ാം തീയതി സി. പി. രാമസ്വാമി അയ്യർ ദിവാൻ പദവി രാജിവച്ചു.
നമ്മുടെ നാടിന്റെ ചരിത്രം തിരിച്ചുവിട്ട ഒറ്റയാൾ പട്ടാളമായിരുന്നു കെ.സി.എസ്. മണി. എന്നാൽ മലയാളികൾ ആ ധീരവിപ്ളവകാരിയെ വേണ്ടരീതിയിൽ അംഗീകരിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിനുശേഷം മണി പഞ്ചായത്ത് മെമ്പറായി സേവനമനുനുഷ്ഠിച്ചു. തുടർന്ന് കുട്ടനാട്ടിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിൽക്കാലത്ത് തന്നേക്കാൾ പതിനെട്ടു വയസ് കുറവുള്ള ലളിതമ്മാൾ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് മക്കളില്ലായിരുന്നു. താൻ വിശ്വസിച്ച പാർട്ടി അവസാന നാളുകളിൽ തന്നെ കൈവിട്ടപ്പോൾ ഈശ്വരഭക്തിയിൽ അഭയം തേടുകയായിരുന്നു കെ.സി.എസ്. മണി. അസുഖം ബാധിച്ച് തിരുവനന്തപുരത്തെ പുലയനാർകോട്ടയിൽ ചികിത്സയിലിരിക്കെ 1987 സെപ്തംബർ രണ്ടിന് 65-ാം വയസിൽ കെ.സി.എസ്. ഈ ലോകത്തോട് വിടപറഞ്ഞു.