മുംബയ്: ആഗോള-ആഭ്യന്തര തലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ താങ്ങാനാവാതെ ഇടിവിന്റെ പാതയിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ. സെൻസെക്‌സ് രണ്ടു ശതമാനവും നിഫ്‌റ്റി 2.5 ശതമാനവും നഷ്‌ടം കഴിഞ്ഞവാരം നേരിട്ടു. ഒരുമാസത്തിനിടെ സെൻസെക്‌സ് നേരിട്ട വീഴ്‌ച ആറു ശതമാനമാണ്. നിഫ്‌റ്റി 6.9 ശതമാനവും. അമേരിക്ക-ചൈന വ്യാപാരയുദ്ധം, പശ്‌ചിമേഷ്യയിലെ സംഘർഷാവസ്ഥ, ക്രൂഡോയിൽ വിലവർദ്ധന, ഇന്ത്യയിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്കുമേൽ (എഫ്.പി.ഐ) കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നികുതി എന്നിവയാണ് ഓഹരി വിപണിക്ക് തിരിച്ചടിയാകുന്നത്.
കോർപ്പറേറ്റ് കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ഏപ്രിൽ-ജൂൺപാദ പ്രവർത്തനഫലം, വാഹന വിപണിയിലെ വില്‌പനമാന്ദ്യം എന്നിവയും ഓഹരികളിൽ വിറ്റൊഴിൽ ട്രെൻഡ് ശക്തമാക്കുന്നു. വിദേശ നിക്ഷേപകർ ആഗസ്‌റ്റിലെ ആദ്യ രണ്ടു വ്യാപാര സെഷനുകളിലായി മാത്രം 2,632 കോടി രൂപയാണ് പിൻവലിച്ചത്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ പത്തു കമ്പനികളിൽ എട്ടെണ്ണവും വലിയ തിരിച്ചടിയാണ് കഴിഞ്ഞവാരം നേരിട്ടത്. ടി.സി.എസും ഹിന്ദുസ്ഥാൻ യൂണിലിവറും മാത്രം മൂല്യം മെച്ചപ്പെടുത്തി. ബാക്കി എട്ടു കമ്പനികളും നഷ്‌ടം രുചിച്ചു.
എസ്.ബി.ഐയാണ് മൂല്യത്തകർച്ചയിൽ മുന്നിൽ നിന്നത്. കഴിഞ്ഞവാരം മൊത്തം വിപണി മൂല്യത്തിൽ 30,388 കോടി രൂപയുടെ നഷ്‌ടം ബാങ്കിനുണ്ടായി. റിലയൻസ് ഇൻഡസ്‌ട്രീസിന് 18,952 കോടി രൂപ നഷ്‌ടപ്പെട്ടു. 16,774 കോടി രൂപയാണ് എച്ച്.ഡി.എഫ്.സി ബാങ്കിനുണ്ടായ നഷ്‌ടം. എച്ച്.ഡി.എഫ്.സി (7,660 കോടി രൂപ), ഐ.ടി.സി (6,995 കോടി രൂപ), ഇൻഫോസിസ് (5,111 കോടി രൂപ), ഐ.സി.ഐ.സി.ഐ ബാങ്ക് (3,003 കോടി രൂപ), കോട്ടക് മഹീന്ദ്ര ബാങ്ക് (649 കോടി രൂപ) എന്നിങ്ങനെയാണ് മറ്റു കമ്പനികൾ കുറിച്ച നഷ്‌ടം. ടി.സി.എസിന്റെ മൂല്യത്തിൽ 36,491 കോടി രൂപയുടെ മുന്നേറ്റമുണ്ടായി. 1,493 കോടി രൂപയാണ് ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ നേട്ടം.
$5 ട്രില്യൺ സമ്പദ്ശക്തി
ആകാൻ വേണം 9% വളർച്ച
അഞ്ചുവർഷത്തിനകം ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി ഉയർത്തണമെങ്കിൽ ജി.ഡി.പി പ്രതിവർഷം ഒമ്പത് ശതമാനം വീതം വളരണമെന്ന് എൺസ്‌റ്റ് ആൻഡ് യംഗിന്റെ എക്കോണമി വാച്ച് റിപ്പോർട്ട് വ്യക്തമാക്കി. നിലവിൽ ശരാശരി ഏഴ് ശതമാനമാണ് വളർച്ച. നടപ്പുവർഷം പ്രതീക്ഷിക്കുന്ന വളർച്ച ഏഴ് ശതമാനമാണ്. ഇന്ത്യയുടെ സമ്പദ്‌മൂല്യം 2.7 ലക്ഷം കോടി ഡോളറിൽ നിന്ന് മൂന്നുലക്ഷം കോടി രൂപയാകുമെന്നും റിപ്പോർട്ടിലുണ്ട്.