unnao-

ലഖ്‍നൗ: ഉന്നാവ് പീഡനക്കേസിലെ പെൺകുട്ടിയുടെ കാറിൽ വന്നിടിച്ച ട്രക്കിന്റെ നമ്പർ മറച്ചതിൽ ദുരൂഹതയില്ലെന്ന് ട്രക്കുടമയുടെ മൊഴി. ലോണിന്റെ അടവ് മുടങ്ങിയതിനെ തുടർന്നാണ് ട്രക്കിന്റെ ബോർഡ് മഷി തേച്ച് മായ്ച്ചതെന്നാണ് ഉടമ സി.ബി.ഐയുടെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. ഉടമയെ സി.ബി.ഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു. കുൽദീപ് സെൻഗാറിനെയോ പെൺകുട്ടിയുടെ കുടുംബത്തെയോ പരിചയമില്ലെന്നാണ് ട്രക്കുടമ നൽകിയ മൊഴി.

വായ്പ മുടങ്ങിയതിനാൽ വാഹനം ഫിനാൻസ് കമ്പനി പിടിച്ചു കൊണ്ടുപോകുമെന്ന് ഭയന്നിരുന്നു. കമ്പനിയെ കബളിപ്പിക്കാൻ ആണ് നമ്പർ പ്ളേറ്റിൽ ഗ്രീസ് തേച്ചതെന്നും ട്രക്കുടമ മൊഴി നൽകി. ട്രക്കുടമയ്ക്ക് സമാജ്‍വാദി പാർട്ടി നേതാവുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുയർന്നിരുന്നു. കാർ അതീവ വേഗതയിൽ ആയിരുന്നുവെന്ന് അപകടത്തിന് ശേഷം ഡ്രൈവർ തന്നോട് പറഞ്ഞതായും ട്രക്ക് ഉടമ പറയുന്നു. കാറിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്നും ഇതിന് പിന്നിൽ ഒരു ഗൂഢലക്ഷ്യങ്ങളുമില്ലായിരുന്നെന്നും ട്രക്കുടമ മൊഴി നൽകി.

അതേസമയം ട്രക്കിടിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എൽ.എ കുൽദീപ് സെംഗാറിന്റെ വീട്ടിലടക്കം വിവിധയിടങ്ങളിൽ സി.ബി.ഐ റെയ്‍‍ഡ് നടത്തി.

ബി.ജെ.പി എം.എൽ.എ കുൽദീപ് സെംഗാർ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ പെൺകുട്ടിയും അഭിഭാഷകനും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാർ ജൂലായ് 30നാണ് അപകടത്തിൽ പെടുന്നത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എൽ.എ,​ കുൽദീപ് സെംഗാറിന് പുറമേ സഹോദരൻ മനോജ് സെംഗാറിനെയും അടക്കം പത്ത് പേരെ ഇതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളാക്കിയിട്ടുണ്ട്.