ബംഗളൂരു: ചന്ദ്രയാൻ രണ്ടിലെ എൽ14 കാമറ പകർത്തിയ ഭൂമിയുടെ ആദ്യ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. 'ആഗസ്റ്റ് മൂന്നിലെ ഭൂമിയുടെ സുന്ദരമായ ചിത്രങ്ങൾ" എന്ന അടിക്കുറിപ്പോടെ ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് ഐ.എസ്.ആർ.ഒയുടെ ട്വിറ്റർ അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവച്ചത്. നീലനിറത്തിലുള്ള ഭൂമിയുടെ ചിത്രങ്ങളാണിവ.
അതേസമയം, ചന്ദ്രയാൻ 2 പേടകത്തിൽ നിന്നെടുത്ത ചിത്രങ്ങളാണെന്ന മട്ടിൽ നേരത്തേ വാട്സാപ്പിലടക്കം വ്യാജചിത്രങ്ങൾ പ്രചരിച്ചിരുന്നു. അവയിൽ ചിലത്, ഇലസ്ട്രേഷനുകളായിരുന്നു, ചിലതു വരച്ചുണ്ടാക്കിയ പോസ്റ്ററുകളും, മറ്റ് ചിലത് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ മുൻപു പുറത്തുവിട്ടവയുമായിരുന്നു.
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ രണ്ട്, ജൂലായ് 22ന് ഉച്ചയ്ക്ക് 2.43ഓടെയാണ് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേക്ഷണം നടത്തുക എന്നതാണ് ചന്ദ്രയാൻ രണ്ടിന്റെ ലക്ഷ്യം. കഴിഞ്ഞദിവസം പേടകത്തിന്റെ നാലാമത്തെ ഭ്രമണപഥം വിജയകരമായി ഉയർത്തിയിരുന്നു. അഞ്ചാമത്തേതും അവസാനത്തേതുമായ ഭ്രമണപഥമുയർത്തൽ നാളെയാണ്. 48 ദിവസങ്ങൾക്കുശേഷം സെപ്തംബർ ഏഴിന് പേടകത്തിന്റെ ഭാഗമായുള്ള വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും.