ന്യൂഡൽഹി: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പട്ട ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് തന്റെ ഭാര്യയ്ക്ക് അയച്ച വികാരനിർഭരമായ കത്ത് പുറത്ത്. ഭാര്യ ശ്വേത ഭട്ട് തന്നെയാണ് കത്ത്, സഞ്ജീവ് ഭട്ടിന്റെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവിട്ടത്.
''ഞാനിന്ന് ആരൊക്കെയാണോ അതിനൊക്കെയും കാരണമായിരിക്കുന്നത് നീയാണ്. എന്റെ ബലവും പ്രേരണയും നീതന്നെയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങൾ നിനക്കും കുട്ടികൾക്കും കടുത്തതായിരുന്നു. ഞാനെടുത്ത തീരുമാനത്തിന് വേണ്ടി അതിന് വേണ്ടിയാണ് നിങ്ങളെല്ലാവരും വിലനൽകേണ്ടി വന്നത്. ഈ പ്രതിസന്ധികളെയെല്ലാം അസാമാന്യമായ മനക്കരുത്തോടെ നീയൊറ്റയ്ക്കാണ് നേരിടുന്നത്. രാജ്യം മുഴുവൻ നിന്റെ കരുത്തും നിർഭയത്വവും നിശ്ചയദാർഢ്യവും അനീതിക്കെതിരായ പോരാട്ടവും കാണുന്നുണ്ട്."- സഞ്ജീവ് ഭട്ട് കുറിച്ചു. തന്നെ പിന്തുണയ്ക്കുന്നതിന് അദ്ദേഹം ഭാര്യയ്ക്കും കുടുംബത്തിനും കത്തിൽ നന്ദി പറയുന്നുണ്ട്. കഴിഞ്ഞ വർഷം സഞ്ജീവ് ഭട്ടിന്റെ വീടിന്റെ ഒരുഭാഗം നിയമവിരുദ്ധമായി നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി അഹമ്മദാബാദ് മുനിസിപ്പാലിറ്റി പൊളിച്ചുകളഞ്ഞിരുന്നു. അത് നിസഹായനായി നോക്കി നിൽക്കേണ്ടി വന്നതിൽ അദ്ദേഹം ഭാര്യയോട് മാപ്പ് ചോദിക്കുന്നുമുണ്ട് കത്തിൽ.
30 വർഷം മുമ്പ് 1989ൽ നടന്ന കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട് സഞ്ജീവ് ഭട്ട് ഇപ്പോൾ ജയിലിലാണ്. ഇതിന് പുറമെ പ്രതിയാക്കാൻ മനപ്പൂർവം മയക്കുമരുന്ന് ഒളിപ്പിച്ച് വച്ച് ഒരാളെ കസ്റ്റഡിയിലെടുത്തുവെന്ന 1996ലെ കേസും 55കാരനായ സഞ്ജീവ് ഭട്ടിനെതിരെ ചുമത്തിയിട്ടുണ്ട്.