mehabooba-

ശ്രീനഗർ: പി.ഡി.പി അദ്ധ്യക്ഷയും ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിക്ക് ആന്റി കറപ്ഷൻ ബ്യൂറോയുടെ നോട്ടീസ്. മുഖ്യമന്ത്രിയായിരിക്കെ, ജമ്മുകാശ്മീർ ബാങ്കിൽ നടന്ന ചില നിയമനങ്ങളിൽ പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ചില മന്ത്രിമാരുടെ നിർദേശപ്രകാരമാണ് നിയമനങ്ങൾ നടന്നതെന്നും നോട്ടീസിൽ ആരോപിക്കുന്നുണ്ട്. നോട്ടീസ്, ട്വിറ്ററിൽ പങ്കുവച്ച മെഹബൂബ ഇതിൽ താൻ ആശ്ചര്യപ്പെടുന്നില്ലെന്നാണ് പ്രതികരിച്ചത്. രാഷ്ട്രീയ നേതാക്കളെയും പ്രതികരണശേഷിയുള്ളവരെയും നിശബ്ദരാക്കാനാണ് ശ്രമിക്കുന്നതെന്നും അത്തരം നീക്കങ്ങൾ നടക്കില്ലെന്നും അവർ പറഞ്ഞു.

ജെ.കെ ബാങ്ക് ചെയർമാനും എംഡിയുമായ പർവേസ് അഹമ്മദിനെ കഴിഞ്ഞദിവസം തത്സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ബാങ്ക് ആസ്ഥാനത്തുനടന്ന റെയ്ഡിന് പിന്നാലെയായിരുന്നു നടപടി. ബിജെപിയുമായി സഹകരിച്ചാണ് പി.ഡി.പി, ജമ്മുകാശ്മീരിൽ സർക്കാരുമ്ടാക്കിയത്. എന്നാൽ, ആശയപരമായി യോജിച്ചുപോകാനാകില്ലെന്ന ചൂണ്ടിക്കാട്ടി, കഴിഞ്ഞവർഷം സർക്കാരിനുള്ള പിന്തുണ ബി.ജെ.പി പിൻവലിക്കുകയായിരുന്നു.