bjp-

ന്യൂഡൽഹി: ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരുടെ മനസ് കീഴടക്കാനും കഴിയണമെന്ന് പാർട്ടി എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടി എം.പിമാർക്ക് വേണ്ടി ബി.ജെ.പി സംഘടിപ്പിച്ച രണ്ടുദിവസത്തെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി എം.പിമാർ ശുഭാപ്തി വിശ്വാസത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് എം.പിമാർ പ്രവർത്തിക്കേണ്ടതുണ്ട്. മികച്ച പ്രവർത്തനത്തിലൂടെയും ആകർഷകമായ പെരുമാറ്റത്തിലൂടെയും മണ്ഡലം നിലനിറുത്താൻ കഴിയുമെന്ന് ഉറപ്പാക്കണമെന്നും മോദി നിർദ്ദേശിച്ചു.

എല്ലാവരുടെയും ക്ഷേമത്തിനായി രാഷ്ട്രീയ പ്രവർത്തനം നടത്തണം. ബി.ജെ.പിക്ക് വോട്ടു ചെയ്യാത്തവരോട് നിഷേധാത്മക നിലപാട് സ്വീകരിക്കാൻ പാടില്ല. ആത്മാർത്ഥമായ പ്രവർത്തനവും മികച്ച പെരുമാറ്റവും പാർട്ടിക്ക് വോട്ടുചെയ്യാത്തവരെപ്പോലും നിങ്ങളിലേക്ക് അടുപ്പിക്കുമെന്നും പ്രധാനമന്ത്രി ഉപദേശിച്ചു.