shefik
ഷെഫീഖ്

കൊച്ചി: വാക്കുതർക്കത്തിന്റെ പേരിൽ സുഹൃത്തിനെ ലോഡ്‌ജിൽ വച്ച് കൊല്ലാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം അഞ്ചൽ സ്വദേശിയായ എബി തോമസിനെ കൊല്ലാൻ ശ്രമിച്ച തിരുവനന്തപുരം തളിക്കോട് തോട്ടവിളതുരുത്ത് സക്കറിയ മൻസിലിൽ ഷഫീഖാണ് (36) അറസ്റ്റിലായത്.

കോൾ ടാക്‌സി ഡ്രൈവറായ ഷഫീക്കും എബിയും തമ്മിൽ ഓട്ടം പോകുന്നതിനെച്ചൊല്ലി ഫോണിൽ വാക്കു തർക്കമുണ്ടായി. ശനിയാഴ്ച രാത്രി 9 ന് ലോഡ്‌ജിലെത്തിയ ഷഫീക്ക് ബലം പ്രയോഗിച്ച് വാതിൽ തുറന്ന് സ്റ്റീൽ കത്തികൊണ്ട് എബിയുടെ കഴുത്തിനു നേരെ കുത്തുകയായിരുന്നു എബി കൈകൊണ്ട് തടുത്തതിനാൽ ആഴത്തിലുള്ള മുറിവുണ്ടായില്ല. എബിയുടെ മുഖത്തും പുറത്തും ഇടതു കൈയിലും കുത്തിയതായി പൊലീസ് പറഞ്ഞു.

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ പ്രതിയുടെ ഫോട്ടോ പൊലീസ് ഗ്രൂപ്പുകളിൽ പങ്കിട്ടു. ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് കടവന്ത്ര എസ്.ഐ. വിപിൻകുമാറിന്റെയും റെയിൽവേ പൊലീസിന്റെയും സഹായത്തോടെ പിടികൂടി.

അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. വിജയശങ്കർ, മധു എസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.