sriram-venkitaraman

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് സൂചന. തിരുവനന്തപുരം കെമിക്കൽ ലാബിലാണ് പരിശോധന നടത്തിയത്. കെമിക്കൽ എക്സാമിനർ നാളെ രാവിലെ റിപ്പോർട്ട് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.

അപകടം നടന്നതിന് ശേഷം മണിക്കൂറുകൾ വൈകിയതു കൊണ്ട് ഫലം പോസിറ്റീവായിരിക്കില്ലെന്ന് നേരത്തെ തന്നെ എക്സാമിനർ വ്യക്തമാക്കിയിരുന്നു. അതേസമയം ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വഞ്ചിയൂർ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ജില്ല ജയിലിലെത്തിച്ച് പരിശോധനകളും നടപടികളും പൂർത്തിയായി. സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസിലാണ് ശ്രീറാമിനെ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയത്. ശ്രീറാം സി.ജെ.എം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ അപകടം വൈകാതെതനിനെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിന്റെ സാന്നിധ്യം രക്തത്തിൽ നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നൽകിയിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാൻ സാധിക്കാത്ത പക്ഷം സ്റ്റേഷൻ ജാമ്യം കിട്ടുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്റെ പേരിൽ ഉണ്ടാകാൻ പോകുന്ന കുറ്റം.