തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടും എഫ്.ഐ.ആറിൽ ശ്രീറാം വെങ്കിട്ടരാമിന്റെ പേരില്ല. 1656-ാം നമ്പറിൽ മ്യൂസിയം പൊലിസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പ്രതികളായി ആരുടെയും പേരു ചേർക്കാതിരുന്നത് ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് വ്യക്തം.

അപകടത്തിന് ഇടയാക്കിയ കാറിന്റെ രജിസ്ട്രേഷൻ നമ്പർ എഴുതിയ ശേഷം, അത് ഓടിച്ചിരുന്നയാൾ എന്നാണ് പ്രതിയുടെ പേരു ചേർക്കേണ്ട സ്ഥലത്ത് എഫ്.ഐ.ആറിലെ പരാമർശം. ഡ്രൈവറുടെ മേൽവിലാസം അജ്ഞാതമാണെന്നും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെ 12.55 ന് മ്യൂസിയത്തിനു സമീപം അപകടമുണ്ടായതിനു തൊട്ടുപിന്നാലെ മ്യൂസിയം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും, സ്റ്റേഷനിൽ വിവരം ലഭിച്ച സമയമായി എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത് രാവിലെ 7.17 ആണ്. അതുവരെ നടന്ന നാടകങ്ങളെല്ലാം മറച്ചുവയ്ക്കാനാണ് പുതിയ കള്ളക്കളി. ദൃക്സാക്ഷിമൊഴികളും ശ്രീറാം മദ്യപിച്ചിരുന്നതും പരിഗണിച്ചിട്ടില്ല. പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളുമിട്ടാണ് എഫ്.ഐ.ആർ.