ടെഹ്‌റാൻ : പേർഷ്യൻ ഉൾക്കടലിൽ സംഘർഷ ഭീതിയുയർത്തി മറ്റൊരു വിദേശ കപ്പൽ കൂടി ഇറാൻ പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ് വിദേശ എണ്ണക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഏഴ് ജീവനക്കാരുള്ള വിദേശ കപ്പൽ ബുധനാഴ്ചയാണ് പിടിച്ചെടുത്തത്. ചില അറബ് രാജ്യങ്ങൾക്കായി ഇന്ധനം കള്ളക്കടത്ത് നടത്തുന്ന ഒരു വിദേശ ഇന്ധന കപ്പൽ ഇറാൻ നാവിക സേന പിടിച്ചെടുത്തു എന്നാണ് സൈനിക കമാൻഡർ സിറാഹിയെ ഉദ്ധരിച്ച് ഇറാനിയൻ ടി.വി റിപ്പോർട്ട് ചെയ്തത്. കപ്പലിൽ 700000 ലിറ്റർ ഇന്ധനമുള്ളതായും ഇറാനിയൻ ടി.വി പറയുന്നു.
സൈന്യം കസ്റ്റഡിയിലെടുത്ത ജീവനക്കാരെ ഇറാന്റെ തെക്കൻ തീരമായ ബുഷഹറിലേക്ക് കൊണ്ടുപോയതായാണ് വിവരം. എന്നാൽ കപ്പൽ പിടിച്ചെടുത്ത വിവരം ബഹ്‌റൈനിലെ അമേരിക്കയുടെ ഫിഫ്ത് ഫ്‌ളീറ്റ് സൈനിക കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല.
ഇറാൻ നേരത്തെ പിടികൂടിയ ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇപ്പോഴും ഇറാന്റെ കൈയിലാണ്. മറ്റൊരു കപ്പലും ഇറാന്‍ പിടികൂടിയിരുന്നു. സിറിയയിലേക്ക് എണ്ണ കടത്തി എന്നാരോപിച്ച് ഇറാന്റെ കപ്പൽ ബ്രിട്ടനും പിടികൂടിയിരുന്നു. എന്നാൽ ഇപ്പോൾ പിടിച്ചെടുത്ത കപ്പൽ ഏത് രാജ്യത്തിന്റേതാണെന്ന് വെളിപ്പെടുത്താൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല.