കോയമ്പത്തൂർ: നാടിനെ നടുക്കി ദൃശ്യം മോഡൽ കൊലപാതകം തമിഴ്നാട്ടിലെ കോയമ്പത്തൂരും. ദിണ്ടിക്കൽ വേദസന്തൂരിനടുത്ത കേദംപട്ടിയിലെ വി. മുത്തരശിയെന്ന രണ്ടാവർഷ വിദ്യാർഥിനിയാണ് കാമുകനായ ഭരത് കൊന്ന് കുഴിച്ചുമൂടിയത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം നടക്കുന്നത്. മുത്തരശിയും കാമുകനായ ഭരത് എന്ന യുവാവും പ്രണയത്തിലായിരുന്നു തുടർന്ന് അവർ ഒളിച്ചോടുകയും ചെയ്തു.
എന്നാൽ മുത്തരശിയെ കാണാതായതിനെ തുടർന്ന് സഹോദരി തമിഴരശി പൊലീസിൽ പരാതി നൽകി. കാമുകനായ ഭരതിനെ പൊലീസ് പിടികൂടുകയും ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പൊലീസിന് ലഭിച്ചത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചത്. എന്നാൽ അന്ന് തന്നെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഭരത് മുത്തരശിയെ അടിച്ചു കൊല്ലുകയും ചെയ്തു. ഭയന്നുപോയ ഭരത് അമ്മയെ വിവരമറിയിച്ചു. മൃതദേഹവുമായി ആത്തുകൽപാളയത്തെ വീട്ടിലേക്ക് വരാൻ അമ്മ നിർദേശിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം വീടിന് പുറകിൽ കുഴിച്ചിട്ടു.
ഒരാഴ്ചക്കുള്ളിൽ ഭരത് മറ്റൊരു വിവാഹം കഴിച്ചു ജീവിതം തുടങ്ങി. എന്നാൽ വീടിന്റെ പുറകിൽ നിന്ന് രൂക്ഷ ഗന്ധം വരാൻ തുടങ്ങിയതോടെ വീട്ടുകാർ അങ്കലാപ്പിലായി. ഇത് മനസിലാക്കിയ മാതാപിതാക്കൾ ഇരുവരെയും ഭാര്യഗൃഹത്തിലേക്ക് പറഞ്ഞയച്ചു. എന്നാൽ തമിഴരശിയുടെ പരാതിയിൽ അന്വേഷണം മുന്നോട്ട് പോയില്ല. തുടർന്ന് ഒട്ടൻച്ചത്രം എം.എൽ.എ കേസിൽ ഇടപ്പെട്ടതോടെ അന്വേഷണം പൊലീസ് വ്യാപിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഭരത് മൃതദേഹം വീടിന് പുറകിൽ കുഴിച്ചിട്ടെന്ന് പൊലീസിനോട് സമ്മതിച്ചു.
എന്നാൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിനായി തിരച്ചിൽ നടത്തിയപ്പോൾ കുഴിയിൽ നിന്ന് മൃതദേഹത്തിന് പകരം കിട്ടിയത് പട്ടിക്കുട്ടിയുടെ ശവശരീരമായിരുന്നു. അമ്പരന്ന് പോയ പൊലീസ് വിശദമായ ചോദ്യം ചെയ്യലിലേക്ക് നീങ്ങി. ചോദ്യം ചെയ്യലിൽ ഭരതിന്റെ അച്ഛൻ മൃതദേഹം മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി കത്തിച്ചുകളഞ്ഞതാണെന്ന് മനസിലായി. ജോത്സ്യന്റെ നിർദേശപ്രകാരമാണ് പട്ടിക്കുട്ടിയെ കുഴിച്ചിട്ടതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. ജ്യോത്സ്യനെയും കസ്റ്റഡിയിലെടുക്ക് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.