പാഴ്‌വസ്തുക്കളിൽ നിന്നൊരു വീട് നിർമ്മിക്കാനാവുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ബെഗളുരു നഗരത്തിലെ ഈ വീട്. പൂർണമായും പാഴ്‌വസ്തുക്കളിൽ നിന്നാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ജി.വി.ദസരതിയുടേതാണ് 1700 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന കച്ചറ മാനെ എന്നുവിളിക്കുന്ന ഈ വീട്.
പ്രശസ്ത ആർക്കിടെക്ടുകളായ വിജയ് നർന്നാപട്ടിയും ഡിംപിൾ മിത്തലുമാണ് വീട് ഡിസൈൻ ചെയ്തത്.
സ്റ്റീല്‍, സിമന്റ്, മണ്ണ് എന്നിവയുടെ ഉപയോഗം 80 ശതമാനം കുറച്ചാണ് വീടിന്റെ നിർമ്മാണം. കടകളിൽ നിന്നുള്ള പായ്ക്കിങ് കേസുകളിൽ നിന്നുള്ള തടി ഉപയോഗിച്ചാണ് വീടിന്റെ കതകുകളും വാതിലുകളും നിർമ്മിച്ചത്. ജനലുകളിലെ ഗ്ലാസുകളാകട്ടെ മിക്കതും കടകളിൽ നിന്നോ പഴയ കെട്ടിടങ്ങളിൽ നിന്നോ ശേഖരിച്ചതോ ആണ്. പഴയ വസ്തുക്കളിൽ നിന്നു് പുനർനിർമ്മിച്ചവയാണ് ബാത്ത്റൂംഫിറ്റിങ്ങുകൾ.
മാർബിളും ഗ്രാനൈറ്റും ഉപയോഗിക്കാതെ സിമന്റിട്ടു പരുക്കനായിട്ടാണ് ഇവിടുത്തെ തറ ഒരുക്കിയിരിക്കുന്നത്. മുളയാണ് മേൽക്കൂര നിർമ്മാണത്തിനായി ഉപയോഗിച്ചത്. വീട് നിർമ്മിച്ചതുപോലെ വീട്ടിലെ ഗൃഹോപകരണങ്ങളും സെക്കന്റ് ഹാൻഡ് ആണെന്ന് ദസരതി പറയുന്നു.
ഇരുപത്തിയഞ്ചു വർഷമെങ്കിലും ഈട് നിൽക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം. 20,000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയും വീടിന്റെ പ്രത്യേകതയാണ്.