ദഹനപ്രശ്നങ്ങൾ അകറ്റി ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഔഷധസസ്യമാണ് തുമ്പ. പഴമക്കാർ തുമ്പയുടെ ഔഷധഗുണങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. ദഹനസംബന്ധമായ വയറുവേദന അകറ്റുന്നതിനൊപ്പം ഛർദ്ദി അകറ്റാനുള്ള ഔഷധവുമാണിത്. തുമ്പനീര് കുരുമുളക് ചേർത്ത് കഴിക്കുന്നതും ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കും. അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള മികച്ച മരുന്നുമാണിത്. തുമ്പയില ചേർത്ത് തിളപ്പിച്ചെടുത്ത വെള്ളം ദിവസം മൂന്നോ നാലോ പ്രാവശ്യം കുടിക്കുക. വയറിന് തണുപ്പ് നൽകാനും നെഞ്ചെരിച്ചിൽ അകറ്റാനും ഈ പാനീയം വളരെ ഉത്തമമാണ്.
വയറ്റിലെ അൾസർ ശമിക്കാനും തുമ്പ ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. അൾസർ മൂലമുണ്ടാകുന്ന വേദനയ്ക്കും ഇത് പ്രതിവിധിയാണ്. വിരശല്യം അകറ്റാൻ തുമ്പച്ചാർ തിളപ്പിച്ച പാലിൽ ചേർത്ത് നൽകുക. തുമ്പപ്പൂവും ആരോഗ്യഗുണങ്ങളിൽ മുൻപന്തിയിലാണ്. തുമ്പപ്പൂവും ഇലയും പാലിൽ ചേർത്ത് കഴിക്കുന്നത് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. .