ശ്രീനഗർ: ജമ്മുകാശ്മീരിൽ സൈനികസാന്നിധ്യം ശക്തമാക്കിയതിനു പിന്നാലെ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടുതടങ്കലിലെന്ന് റിപ്പോർട്ട്. ഞായറാഴ്ച അർദ്ധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രജൗറി, ഉധംപൂർ ജില്ലകളിലും കാശ്മീര്‍ താഴ്‌വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുയോഗങ്ങളും റാലികളും നിരോധിച്ചു. തന്നെ വീട്ടുതടങ്കലിലാക്കിയതായി വിശ്വസിക്കുന്നു എന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. ഒമറിന്റെ ട്വീറ്റ്മെഹബൂബ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ജമ്മുകാശ്മീരിൽ മൊബൈൽ ഇന്റെർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിറുത്തിവെച്ചു. അമർനാഥ് തീർത്ഥാടകരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ തീവ്രവാദികൾ ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ചർച്ച നടത്തിയിരുന്നു. കാശ്മീർ വിഷയം മുൻനിറുത്തി പ്രത്യേക കാബിനറ്റ് യോഗം ഇന്നു രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേരും.