central-government

ന്യൂഡൽഹി: കശ്മീരിലെ സ്ഥിഗതികൾ വഷളാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയായ 7,ലോക് കല്യാൺ മാർഗിൽ വച്ചാണ് ഇവർ തമ്മിൽ യോഗം ചേരുക. യോഗത്തിൽ കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കും. 9:30നാണ് യോഗം തുടങ്ങുന്നത്. കാശ്മീരിൽ കേന്ദ്ര സർക്കാർ വൻ നീക്കങ്ങൾക്കൊരുങ്ങുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.

ജമ്മു കാശ്‌മീരിൽ വൻ സൈനിക വിന്യാസം നടത്തുന്നത് സംസ്ഥാനത്തിന് പ്രത്യേക പദവിയും അവകാശങ്ങളും നൽകുന്ന ഭരണഘടനയിലെ 370, 35 എ വകുപ്പുകൾ റദ്ദാക്കുന്നതിന്റെ മുന്നൊരുക്കമാണെന്ന അഭ്യൂഹങ്ങൾക്കിടെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാശ്‌മീർ സ്ഥിതിയാണ് ഇവർ ചർച്ച ചെയ്തതെന്നാണ് സൂചന. ഇന്റലിജൻസ് ബ്യൂറോ മേധാവി അരവിന്ദ് കുമാർ, 'റോ' മേധാവി സാമന്ത് ഗോയൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഉൾപ്പെടെയുള്ള നേതാക്കൾ ഇപ്പോൾ വീട്ടുതടങ്കലിലാണ്‌. ഞായറാഴ്ച അർദ്ധരാത്രിയാണ് നേതാക്കളെ കാരണം പുറത്ത് പറയാതെ വീട്ടുതടങ്കലിൽ ആക്കിയത്. കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദ്, സി.പി.എം നേതാവ് എം.വൈ. തരിഗാമ എന്നിവരേയും വീട്ടുതടങ്കലിൽ ആക്കിയിട്ടുണ്ട്. ഇതിനിടെ സെക്ഷൻ 144. സി.ആർ.പി.സി അനുസരിച്ച് ശ്രീനഗറിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. രജൗറി, ഉധംപൂർ ജില്ലകളിലും കാശ്മീര്‍ താഴ്‌വരയിലും നിരോധനാജ്ഞ നിലവിലുണ്ട്.

ഇതിന്റെയൊപ്പം പൊതുയോഗങ്ങളും റാലികളും നിരോധിച്ചു. അതേസമയം കാശ്മീരിലെ ഇപ്പോഴത്തെ അവസ്ഥയോടുള്ള പ്രതികരണമായി പ്രതിപക്ഷം പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. കോൺഗ്രസും, സി.പി.എമ്മുമാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ഏതാനും ദിവസം മുൻപ് കാശ്മീർ സർക്കാർ അമർനാഥ് തീർത്ഥാടകരോട് യാത്രകൾ അവസാനിപ്പിക്കാനും, അവിടുത്തെ വിനോദസഞ്ചാരികളോട് തിരികെ പോകാനും ആവശ്യപെട്ടിരുന്നു. ഭീകരവാദ ഭീഷണി ഉണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കാശ്മീർ സർക്കാർ ഈ തീരുമാനം എടുത്തിരുന്നത്.