sriram-venkitaraman

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സംഭവത്തിൽ മ്യൂസിയം എസ്.ഐ വീഴ്ച വരുത്തിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നാല് മണിക്കൂർ വെെകിയതായും ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതിലും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ സ്റ്റേഷൻ രേഖകളിൽ അപകട വിവരം രേഖപ്പെടുത്തിയിട്ടും കേസെടുത്തില്ല. സംഭവത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ചീഫ് സെക്രട്ടറി ടോം ജോസിന് റിപ്പോർട്ട് നൽകും.

അതേസമയം, ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന മെഡിക്കൽ പരിശോധനാ ഫലം ഇന്ന് ഔദ്യോഗികമായി പുറത്തു വന്നേയ്ക്കും. അപകടമുണ്ടായി ഏതാണ്ട് ഒമ്പത് മണിക്കൂർ കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തം പരിശോധിക്കാനായി എടുത്തത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ മെഡിക്കൽ വിദഗ്‍ധർ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതുസംബന്ധിച്ച് ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്പെൻഡ് ചെയ്തേക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥൻ 48 മണിക്കൂർ റിമാൻഡിലായാൽ പ്രത്യേകിച്ച് ഉത്തരവില്ലെങ്കിൽത്തന്നെ സസ്പെൻഷനിലാവുമെന്നാണ് ചട്ടം. പിന്നീട് സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ് വേണം. ശ്രീറാമിനെ റിമാൻഡുചെയ്തത് ശനിയാഴ്ച രാത്രിയോടെയാണ്. സിവിൽസർവീസ് പെരുമാറ്റച്ചട്ടമനുസരിച്ച് ഉദ്യോഗസ്ഥൻ മദ്യപിച്ച് പൊതുസ്ഥലത്ത് എത്തുന്നതുപോലും അച്ചടക്കനടപടിക്ക് കാരണമാകും. ശ്രീറാമിനോട് പക്ഷപാതംകാട്ടി കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും ഉടൻ നടപടിയുണ്ടാവും.