ബംഗളൂരു: ബി.എസ് യെദ്യൂരപ്പ സർക്കാർ അധികകാലം ഭരണത്തിൽ തുടരില്ലെന്ന് ജെ.ഡി.എസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. നിയമസഭയിൽ അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ മണ്ഡലത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനായി ഒരുങ്ങാനും അദ്ദേഹം പ്രവർത്തകർക്ക് നിർദേശം നൽകി.
'എനിക്ക് ഉറപ്പാണ് യെദ്യൂരപ്പ സർക്കാർ അധിക നാൾ നീണ്ടുനിൽക്കില്ല. കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടന്നേക്കാം. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ചിലപ്പോൾ ഉടനെ ഉണ്ടാകാം' അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന നൽകിയതിന് തൊട്ടുപിന്നാലെയാണ് കുമാരസ്വാമിയുടെ നിർദേശം.