amit-shah

ന്യൂഡൽഹി: ഇന്ന് 11 മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിനെ അഭിമുഖീകരിച്ച് സംസാരിക്കും. കാശ്മീർ വിഷയം സംബന്ധിച്ച് കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് മറുപടി നൽകാനും കാശ്മീർ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ അറിയിക്കാനുമാണ് അമിത് ഷാ എത്തുന്നത് എന്നാണ് സൂചന. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള അമിത് ഷായുടെ കൂടിക്കാഴ്ച അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിപോയിട്ടുണ്ട്.

അദ്ദേഹം പാർലമെന്റിൽ ഇതിനോടകം എത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. യോഗത്തിൽ കശ്മീർ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ മൂവരും കൈക്കൊണ്ടിട്ടുണ്ടെന്നും സൂചനയുണ്ട്. ഏതായാലും ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരാൻ അമിത് ഷായുടെ പാർലമെന്റ് അഭിസംബോധന വരെ കാത്തിരിക്കേണ്ടി വരും. ആദ്യം രാജ്യസഭയെയാണ് അമിത് ഷാ അഭിമുഖീകരിക്കുക. പിന്നീട് ലോക്സഭയിലേക്കും അദ്ദേഹം എത്തും. 12 മണിക്കാണ് അദ്ദേഹം ലോക്സഭയിലേക്ക് എത്തുക.അതേസമയം, കാശ്മീരിനെ കൂടാതെ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് രാവിലെ 9:30യ്ക്ക് അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയായ 7,ലോക് കല്യാൺ മാർഗിൽ വച്ചാണ് ഇവർ തമ്മിൽ യോഗം ചേർന്നത്. അജിത് ഡോവലും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ജമ്മു കാശ്‌മീരിൽ വൻ സൈനിക വിന്യാസം നടത്തുന്നത് സംസ്ഥാനത്തിന് പ്രത്യേക പദവിയും അവകാശങ്ങളും നൽകുന്ന ഭരണഘടനയിലെ 370, 35 എ വകുപ്പുകൾ റദ്ദാക്കുന്നതിന്റെ മുന്നൊരുക്കമാണെന്ന അഭ്യൂഹങ്ങൾക്കിടെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാശ്‌മീർ സ്ഥിതിയാണ് ഇവർ ചർച്ച ചെയ്തതെന്നാണ് സൂചന. ഇന്റലിജൻസ് ബ്യൂറോ മേധാവി അരവിന്ദ് കുമാർ, 'റോ' മേധാവി സാമന്ത് ഗോയൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.