ചാട്ടുളിപോലെ ചോദ്യമെറിയുന്ന ടെലിവിഷൻ അവതാരകരിൽ നിന്ന് വ്യത്യസ്തമായി സൗമ്യദീപ്തമായി സംസാരിക്കുന്ന ആതിഥേയയാണ് മലയാളികൾക്ക് ധന്യാ വർമ്മ. ഹാപ്പിനസ് പ്രോജക്ട് എന്ന ടെലിവിഷൻ പരിപാടിയിലൂടെ പരിചിതമായ ഈ സുന്ദരമുഖം ഇപ്പോൾ ബിഗ് സ്ക്രീനിനും സ്വന്തമായിരിക്കുന്നു. ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടിയിലൂടെയാണ് ധന്യ മലയാള സിനിമയിലേക്ക് ചുവടുവച്ചത്. എന്നാൽ അവതാരകയ്ക്കും നടിക്കും അപ്പുറം ആരാണ് ധന്യ വർമ്മ. ധന്യയുടെ അവതരിപ്പിക്കുന്ന പരിപാടിയുടെ പേര് പോലെ സന്തോഷം നിറഞ്ഞ അവരുടെ ജീവിതത്തിലൂടെ...
അപ്രതീക്ഷിതമായെത്തിയ സിനിമ
യഥാർത്ഥത്തിൽ എന്റെ ആദ്യ സിനിമയല്ല 'പതിനെട്ടാംപടി". ഇംഗ്ളീഷിൽ ഹ്യൂമൻ ഒഫ് സംവൺ എന്നൊരു സിനിമയിലായിരുന്നു അരങ്ങേറ്റം. അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം മലയാളികളായിരുന്നു. കൂടെവിടെയിൽ സുഹാസിനി അവതരിപ്പിച്ച ആലീസ് എന്ന കഥാപാത്രത്തിന്റെ പുനരാവിഷ്കാരമാണ് ചെയ്തത്. സംവിധാനം സുമേഷ് ലാൽ. കേരളത്തിൽ ഞാൻ ചെയ്ത മേജർ പ്രോജക്ടുകൾക്കെല്ലാം പിന്നിൽ സുമേഷാണ്. റോസ്ബൗൾ ചാനലിലെ ടോക്കിംഗ് പോയിന്റാണ് മലയാളത്തിൽ അവതാരകയായ ആദ്യ പരിപാടി. അതിന്റെ ക്രിയേറ്റീവ് ഡയറക്ടർ സുമേഷായിരുന്നു. അതുകഴിഞ്ഞ് കപ്പയിലെ ഹാപ്പിനെസ് പ്രോജക്ടും ഞങ്ങൾ ഒന്നിച്ചാണ് ചെയ്തത്. ആ പരിപാടിയുടെ പ്രൊഡ്യൂസർ വിനു ജനാർദ്ദനൻ പതിനെട്ടാം പടിയിൽ സഹസംവിധായകനായിരുന്നു. അങ്ങനെ രണ്ടാം സിനിമയും സംഭവിച്ചു. സിനിമയിൽ നിന്ന് നേരത്തെ തന്നെ കുറേ അവസരങ്ങൾ വന്നിരുന്നു. പല കാരണങ്ങൾ കൊണ്ട് നടന്നില്ല. ഹ്യൂമൻ ഓഫ് സംവൺ ചെറിയ സിനിമയായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു സെറ്റ്. അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പതിനെട്ടാം പടിയുടെ അനുഭവം. വലിയ പ്രോജക്ട്. നിരവധി അഭിനേതാക്കൾ. മലയാളത്തിലുള്ള ഡയലോഗുകൾ. അതിന്റെ എക്സൈറ്റ്മെന്റുണ്ട്. ഒരു മാധ്യമപ്രവർത്തകയുടെ വേഷമായതു കാരണം ഒരുപാടൊന്നും മാറേണ്ടി വന്നില്ല. ഞാനായി തന്നെ നിന്നാൽ മതിയായിരുന്നു. അഭിനയം തുടരുമോ എന്നറിയില്ല. ഫിലോസഫിക്കലായി പറഞ്ഞാൽ ജീവിതത്തിൽ ഒന്നും പ്ളാൻ ചെയ്യാൻ കഴിയില്ലല്ലോ. എനിക്ക് താത്പര്യം തോന്നുന്ന കഥാപാത്രങ്ങളും ടീമും വന്നാൽ സ്വീകരിക്കും.
മനസു നിറയെ മാദ്ധ്യമ പ്രവർത്തനം
നേരത്തെ പറഞ്ഞതു പോലെ മാദ്ധ്യമ പ്രവർത്തനമാണ് എന്റെ മേഖല. സ്റ്റാർ ടി.വിയാണ് ആദ്യ തട്ടകം. കോൻ ബനേകാ ക്രോർപതിയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായാണ് തുടക്കം. പൂനെ ഇൻസ്റ്റിട്ടൂട്ടിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷനിൽ പി.ജി കഴിഞ്ഞ് ആഡ് ഫിലിംസിലും പ്രോമോ പ്രൊഡക്ഷനിലും ടെലിവിഷൻ ചാനലുകളിലുമെല്ലാം ഇന്റേൺഷിപ്പ് ചെയ്ത ശേഷമാണ് സ്റ്റാർ ടി.വിയിലേക്ക് എത്തുന്നത്. സ്റ്റാർ ന്യൂസിലും ജോലി ചെയ്തിട്ടുണ്ട്. അവിടെ പ്രൊഡ്യൂറും അവതാരകയുമായിരുന്നു. പ്രൊഡ്യൂസറുടെ ജോലിക്ക് ഇന്റർവ്യൂവിന് പോയപ്പോൾ തന്നെ അവതാരകയാകാൻ ക്ഷണം ലഭിച്ചു. ഹിന്ദി ന്യൂസ് ചാനലായതിനാൽ ഹിന്ദിയിൽ വേണം അവതരണം. വായിക്കുകയും എഴുതുകയും ചെയ്യുമെങ്കിലും ഹിന്ദി സംസാരിക്കാൻ പ്രയാസമാകുന്നുമെന്ന് തോന്നിയതിനാൽ അവതരണത്തിൽ നിന്ന് ഒഴിഞ്ഞു മാറി. സ്റ്റാർ ന്യൂസ്, ഇന്ത്യയിൽ തുടങ്ങിയ കാലമാണ്. അന്നത്തെ പ്രധാന ടീമിൽ അംഗമാകാൻ കഴിഞ്ഞു. പ്രൊഡ്യൂസറായി കുറച്ചു കാലം ജോലി ചെയ്തപ്പോൾ തന്നെ ത്രില്ലടിപ്പിക്കുന്ന ജോലിയാണ് വാർത്താ അവതാരകരുടേതെന്ന് മനസിലായി. എല്ലാം ലൈവാണ്. പൊട്ടിത്തെറി പോലെ വാർത്തകൾ വന്നുകൊണ്ടിരിക്കും. അങ്ങനെയാണ് അവതാരകയായത്. പക്ഷേ ഭർത്താവിന് മുംബയിൽ നിന്ന് കൊച്ചിയിലേക്ക് ട്രാൻസ്ഫറായപ്പോൾ രാജി വച്ച് കേരളത്തിലേക്ക് വരേണ്ടി വന്നു. കുഞ്ഞു ജനിച്ചതോടെ തിരികെ മുംബയിൽ പോയി ജോലി ചെയ്യുന്ന കാര്യം ആലോചിക്കാൻ കഴിയില്ലായിരുന്നു. മലയാളം ചാനലുകളിൽ നിന്ന് പ്രൊഡ്യൂസറാകാൻ അവസരം വന്നെങ്കിലും സ്വീകരിച്ചില്ല.
നിരാശയിൽ നിന്ന് ലക്ഷ്യത്തിലേക്ക്
എന്റെ കുടുംബത്തിൽ നിന്നാരും മാദ്ധ്യമ മേഖലയിലില്ല. കെമിസ്ട്രിയിൽ ഡിഗ്രി ചെയ്ത ശേഷമാണ് മാസ്കമ്മ്യൂണിക്കേഷനിലേക്ക് ചാടുന്നത്. ആരുടെയും പിന്തുണയില്ലായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഈ മേഖലയിലേക്ക് വന്നത്. സമൂഹത്തിന് വേണ്ടി പലതും ചെയ്യാൻ മാദ്ധ്യമ പ്രവർത്തകയ്ക്ക് കഴിയും. ഏറെ കഷ്ടപ്പെട്ടാണ് മാദ്ധ്യമ പ്രവർത്തനത്തിൽ ഒരിടം കണ്ടെത്തിയത്. പക്ഷേ എന്റെ ഭർത്താവ് ഒരു നേവൽ ഹെലികോപ്ടർ പൈലറ്റാണ്. വളരെ കഠിനവും സാഹസികമായ ഒരു ജോലിയാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ട് ഞാൻ കൂടി വീട്ടിൽ നിന്ന് മാറി നിന്നാൽ കുട്ടികളുടെ കാര്യം നടക്കില്ല. ഇഷ്ടമുള്ള ജോലി ഉപേക്ഷിച്ച് കുട്ടിയെ നോക്കി വീട്ടിലിരിക്കേണ്ടി വന്നപ്പോൾ വിഷമവും നിരാശയുമൊക്കെ തോന്നിയിരുന്നു. വ്യക്തി എന്ന നിലയിൽ അതെനിക്കൊരു തിരിച്ചറിവുകൂടിയായി. ജോലിയെ എത്രമാത്രം സ്നേഹിക്കുന്നെന്ന് മനസിലായി. അങ്ങനെയാണ് ഫ്രീലാൻസറാകാൻ തീരുമാനിക്കുന്നത്. വിചാരിക്കുന്ന അളവിൽ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും എന്നാൽ ആവും വിധം ജോലിയെ കൂടെ കൂട്ടി.
സന്തോഷം നിറയുമ്പോൾ
കാണുന്നവരിലേക്ക് നന്മയുടെ ഒരംശം പ്രസരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാപ്പിനെസ് പ്രോജക്ട് തുടങ്ങിയത്. കുറച്ചു നാളായി ഒരു ബ്രേക്ക് എടുത്തിരിക്കുയാണ്. എന്നാണ് ആ ഷോ വീണ്ടും തുടങ്ങുന്നതെന്ന് ചോദിച്ച് നിരവധി കുട്ടികൾ എനിക്ക് എഴുതാറുണ്ട്. ഒരു ദിവസം തുടങ്ങുന്നത് തന്നെ ആ പരിപാടി കണ്ടിട്ടായിരുന്നു എന്ന് പറയുന്നവരുണ്ട്. വ്യത്യസ്ത മേഖലയിൽ നിന്നുള്ള മൂന്ന് വ്യക്തികളെയാണ് ഒരു എപ്പിസോഡിൽ ഇന്റർവ്യൂ ചെയ്യുക. എനിക്ക് ചോദ്യങ്ങൾ ചോദിക്കാനേ കഴിയൂ. എന്ത് മറുപടി പറയണമെന്ന് അതിഥിയായി എത്തുന്നയാളാണ് തീരുമാനിക്കേണ്ടത്. പരസ്പരം വിശ്വാസം ഉടലെടുക്കുമ്പോഴാണ് അവർ തുറന്ന് സംസാരിക്കാൻ തയ്യാറാകുക. അത് പ്ളാൻ ചെയ്യാൻ കഴിയില്ല.
ഒരു അവതാരകയ്ക്ക് ഒരിക്കലും അവരുടെ ആത്മാംശത്തെ ഒളിപ്പിച്ച് വയ്ക്കാവില്ല. അഭിനയത്തിൽ അതുകഴിയും. അവതരണത്തിൽ നമ്മുടെ തന്നെ ഒരു ഭാഗം ജോലിയിലേക്ക് കൊടുക്കയാണ്. ഹിന്ദി ന്യൂസ് വായിക്കുമ്പോൾ ഒരു മലയാളി ചുവ വരുമായിരുന്നു. പക്ഷേ, അന്നും ജോലിയിൽ കൊടുക്കുന്ന സമർപ്പണം നൂറു ശതമാനമാണ്. ഇന്ത്യയിലെ പല സ്ഥലങ്ങളിൽ നിന്നും ആളുകൾ വിളിച്ചു സംസാരിച്ചിരുന്നു. രാവിലത്തെ വാർത്തയിൽ എന്നെ കണ്ടില്ലെങ്കിൽ ധന്യ എന്താ ഇന്ന് ഇല്ലാതിരുന്നതെന്ന് ചോദിച്ച് ഓഫീസിൽ കാളുകൾ വരും.
വേറിട്ട അനുഭവങ്ങൾ
ഞാൻ ചെറുപ്പത്തിലേ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. അങ്ങനെ അമ്മയെ കുറേ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അതിനിപ്പോഴും മാറ്റമില്ല. പലതിനെയും അന്ധമായി പിന്തുടരുന്നതാണ് ഇന്ന് സമൂഹം നേരിടുന്ന പ്രശ്നം. രാഷ്ട്രീയം, മതം, സെലിബ്രിറ്റീസ്... ഒന്നിനെയും അന്ധമായി പിന്തുടരുത്. ചിന്തിക്കാനും ചോദ്യം ചെയ്യാനുമുള്ള കഴിവാണ് മനുഷ്യന്റെ ശക്തി. അച്ഛൻ വിജയാ ബാങ്കിൽ മാനേജരായിരുന്നു. അച്ഛന്റെ ജോലിക്കനുസരിച്ച് വിവിധ സ്ഥലങ്ങളിൽ മാറിമാറിത്താമസിച്ചിട്ടുണ്ട്. പഠിക്കാനായി മുംബയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. അന്നുവരെ ശീലിച്ച സംസ്കാരത്തിൽ നിന്നും മൂല്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായൊരു ലോകത്താണ് എത്തിപ്പെട്ടത്. ആദ്യമായി കോളേജിൽ ചെന്ന ദിവസം ഞെട്ടിപ്പോയി. വളരെ റിവീലിംഗായ വസ്ത്രം ധരിച്ചാണ് പെൺകുട്ടികൾ പഠിക്കാനെത്തുന്നത്. മുൻധാരണകളൊക്കെ തെറ്റിച്ച് പിന്നീട് അവരിൽ പലരും എന്റെ കൂട്ടുകാരായി. പി.ജിക്ക് പൂനെയിൽ പോയി പഠിച്ചു. വളരെ കുറച്ച് സീറ്റുകളെയുള്ളൂ. പക്ഷേ, ഇന്ത്യയിലെ എല്ലാ ഭാഗത്തുനിന്നുമുള്ള കുട്ടികളുണ്ടായിരുന്നു. എന്നിട്ടും എൻട്രസ് എഴുതി എനിക്കവിടെ അഡ്മിഷൻ കിട്ടി. അതുപോലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ എൻട്രൻസും കിട്ടിയിരുന്നു. പക്ഷേ, വീട്ടുകാർ വിട്ടില്ല. പക്ഷേ, ആ പരീക്ഷകളിലെ വിജയം തന്ന ആത്മവിശ്വാസം വലുതാണ്. റാഡിക്കലായി ചിന്തിക്കുന്ന ബുദ്ധിമാന്മാരായ സഹപാഠികളിൽ നിന്നും അദ്ധ്യാപകരിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. വിവാഹം ചെയ്തത് ഒരു നേവി ഉദ്യോഗസ്ഥനെ. നേവിയുടെ സിസ്റ്റം ഇതിൽ നിന്നൊക്കെ വ്യത്യസ്തം. ഒന്നിനൊന്നു വേറിട്ട അനുഭവങ്ങളാണ് എന്നെ ഞാനാക്കിയത്.