തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം രംഗത്ത്. ഐ.എ.എസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ മാദ്ധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ മുഖപത്രത്തിന്റെ വിമർശനം.
പൊലീസ് തുടർച്ചയായി സർക്കാരിന് നാണക്കേടുണ്ടാക്കുന്നു. എൽ.ഡി.എഫിന്റെ പൊലീസ് നയം ഇതല്ല. പൊലീസ് നയത്തിൽ തിരുത്തൽ വേണമെന്നും ഇന്നത്തെ പത്രത്തിന്റെ മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു. മാദ്ധ്യമപ്രവർത്തകന്റെ മരണത്തിൽ പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്നും മുഖപ്രസംഗം ആരോപിക്കുന്നുണ്ട്.
കേരളം പ്രതീക്ഷിക്കുന്ന നടപടികളല്ല പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. മാദ്ധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥന് രക്ഷപ്പെടുന്നതിനുള്ള പഴുതുകൾ സൃഷ്ടിക്കുകയും നടപടികളിൽ അലംഭാവം കാട്ടുകയും ചെയ്ത തിരുവനന്തപുരത്തെ സംഭവത്തിൽ മാത്രമല്ല അതുണ്ടായത്.
ചിലരെങ്കിലും കാട്ടിക്കൂട്ടുന്ന കസ്റ്റഡി മരണങ്ങളുടെയും അലംഭാവങ്ങളുടെയും നീതിരഹിതമായ നടപടികളുടെയും പേരിൽ പൊലീസ് സംവിധാനത്തിനാകെ നാക്കേടുണ്ടാകുന്ന സാഹചര്യം ആത്യന്തികമായി ഭരണത്തിന്റെ സൽപ്പേരിനെയും ബാധിക്കാനിടയാക്കുന്നുണ്ടെന്ന് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.
നെടുങ്കണ്ടത്തെ കസ്റ്റഡിമരണത്തിന്റെ പേരിൽ ഈ സർക്കാർ കേൾക്കേണ്ടിവന്ന പഴിക്ക് കണക്കില്ല. എറണാകുളത്ത് സി.പി.ഐ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജ്ജും എംഎൽഎയ്ക്ക് പോലും പരിക്കേൽക്കാനിടയായതും സൃഷ്ടിച്ച വിവാദം കെട്ടടങ്ങിയിട്ടില്ല. കളക്ടറുടെ റിപ്പോർട്ടുണ്ടായിട്ടും ഗുരുതരമായ കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതും വിമർശനവിധേയമാണ്. നടപടികളിലെ കാലവിളംബം ചില സംഭവങ്ങളെങ്കിലും ആവർത്തിക്കാൻ ഇടയാക്കുന്നുവോ എന്ന സംശയം സ്വാഭാവികമാണെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.