ന്യൂഡൽഹി : പാകിസ്ഥാൻ കരസേനയിലെ സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിന്റെ വിഭാഗമായ ബാറ്റ് എന്ന ചുരുക്കപ്പേരിലുള്ള വിഭാഗം ബോർഡർ ആക്ഷൻ ടീമിൽ ഉൾപ്പെട്ടിരിക്കുന്ന കൊടും ഭീകരരെയാണ് ബൊഫോഴ്സ് ഉപയോഗിച്ച് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് . ഭീകരപ്രസ്ഥാനങ്ങൾ കണ്ടെത്തി ജിഹാദി ആശയങ്ങൾ തലയിൽ കുത്തിനിറച്ച ശേഷം പാക് സൈന്യം പരിശീലനം നൽകുന്ന കൊടും ഭീകരരും ഈ സ്‌പെഷൽ ഫോഴ്സിൽ പങ്കാളികളാകാറുണ്ട്. ക്രൂരതയുടെ പര്യായമായ ബാറ്റിലെ അംഗങ്ങളെ കഴുകൻമാരോട് താരതമ്യം ചെയ്യുന്നത് ശത്രുക്കളോട് അവർ കാണിക്കുന്ന ക്രൂരതയുടെ പേരിലാണ്. കടുത്ത പരിശീലനമുറകളിലൂടെ മനസ് പരുക്കമാക്കിയാണ് ഇവരെ വാർത്തെടുക്കുന്നത്. എട്ട് മാസം പാക് കരസേനയും നാലാഴ്ച പാക് വ്യോമ സേനയും ഇവർക്ക് പരിശീലനം നൽകും.ഓപ്പറേഷനിടെ ശത്രുക്കളുടെ കൈകളാൽ കൊല്ലപ്പെട്ടാലും സാധാരണ ഗതിയിൽ ഇവരെ പാക് സൈന്യം ഏറ്റെടുക്കാറില്ല. തങ്ങളുടെ സൈനികരല്ലെന്ന ഒഴിവുകഴിവുകൾ പറയുകയാണ് പാക് അധികൃതരുടെ രീതി.
കണ്ണ് ചൂഴ്‌ന്നെടുക്കുന്നത് പതിവ് രീതി
പലപ്പോഴും അതിർത്തിയിൽ പെട്രോളിംഗ് നടത്തുന്ന ഇന്ത്യൻ സൈനികർ ബാറ്റിന്റെ പിടിയിലായിട്ടുണ്ട്. അതിർത്തി ഭേദിച്ച് ഇന്ത്യൻ മണ്ണിൽ ഒളിച്ചിരിക്കുന്ന ഇവർ പെട്രോളിംഗ് നടത്തുന്ന സൈനികർക്ക് നേരെ ഗറില്ലാ ആക്രമണങ്ങളാണ് നടത്തുന്നത്. ക്രൂരതയുടെ പര്യായമായ ഇവർ സൈനികരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ വികൃതമാക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് രണ്ട് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയശേഷം ഒരു സൈനികന്റെ കഴുത്തറുത്ത് കൊണ്ട് പോയത് പാക് സൈന്യത്തിലെ ഈ കൊടും ഭീകരരായിരുന്നു. ഇതിന് മുൻപും പലതവണ ബാറ്റ് ഭീകരർ ക്രൂരമായി ഇന്ത്യൻ സൈനികരോട് പെരുമാറിയിട്ടുണ്ട്.
ബാറ്റ് ക്രൂരത
1999:
കാർഗിൽ യുദ്ധത്തിനിടെ ബാറ്റ് പിടികൂടിയ ക്യാപ്ടൻ സൗരഭ് കാലിയ ഉൾപ്പെടെ ആറ് ഇന്ത്യൻ ഭടന്മാരെ 22ദിവസം ബന്ദികളാക്കി ക്രൂരമായി പീഡിപ്പിച്ച് കൊന്നു. കണ്ണുകൾ ചൂഴ്‌ന്നെടുത്ത് മൃതദേഹങ്ങൾ കുത്തിക്കീറി വികൃതമാക്കി. ദിവസങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് കൈമാറി
2000:
നൗഷേര സെക്ടറിലെ അശോക് ലിസണിംഗ് പോസ്റ്റിൽ ഭീകരൻ ഇല്യാസ് കാശ്മീരി നടത്തിയ ആക്രമണത്തിൽ ഏഴ് ഇന്ത്യൻ ഭടന്മാരെ ക്രൂരമായി വധിച്ചു
2008:
ഗൂർഖാ റൈഫിൾസ് ഭടന്റെ തലവെട്ടി കൊന്നു
2013:
ലാൻസ് നായിക് ഹേമരാജിന്റെ തലയറുത്തു.
2016:
നിയന്ത്രണ രേഖയിലെ മാച്ചിൽ സെക്ടറിൽ ഇന്ത്യൻ ഭടനെ കൊന്ന് മൃതദേഹം വികൃതമാക്കി
ഇന്ത്യ കാത്തുവച്ച മറുപടി
ബാറ്റ് ക്രൂരതയ്ക്ക് തിരിച്ചടി നൽകുവാൻ ഇന്ത്യൻ സൈന്യത്തിലെ കമാന്റോകളും അതിർത്തി കടന്ന് അതേ നാണയത്തിൽ തിരിച്ചടി നൽകിയിട്ടുള്ള സംഭവങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ മൃതദേഹത്തിനോട് അനാദരവ് കാണിക്കുന്ന പതിവ് ഇന്ത്യൻ സൈന്യം സ്വീകരിക്കാറില്ല. പലപ്പോഴും ഇന്ത്യൻ തിരിച്ചടിയിൽ പാക് സൈനികരെ വധിക്കാറുണ്ടെങ്കിലും ഗറില്ലാ ആക്രമങ്ങളിൽ പങ്കെടുക്കുന്ന ബാറ്റ് കമാന്റോകളെ വധിക്കുവാൻ സാധിച്ചിരുന്നില്ല. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് ജമ്മു കാശ്മീരിലെ കേരാൻ സെക്ടറിലൂടെ ഇന്ത്യയിലേക്ക് ഒളിപ്പോർ ആക്രമണത്തിനെത്തിയ ബാറ്റ് വിഭാഗത്തിലെ കമാന്റോകളെ പതിവിന് വിപരീതമായി ബൊഫോഴ്സ് ഉപയോഗിച്ച് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തുകയായിരുന്നു. പാക് ആക്രമണപദ്ധതിയെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സർവ്വശക്തിയുമുപയോഗിച്ച് സൈന്യം തിരിച്ചടിച്ചത്. അപ്രതീക്ഷിതമായി ബൊഫോഴ്സ് ഉപയോഗിച്ചുള്ള ഇന്ത്യൻ സൈന്യത്തിന്റെ മറുപടിയിൽ അഞ്ചുമുതൽ ഏഴുവരെ ബാറ്റ് ഫോഴ്സിലെ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം അവകാശപ്പെട്ടത്. ഇതിൽ നാലോളം ഭീകരരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും സൈന്യം പുറത്തുവിടുകയും, അവരെ കൊണ്ടുപോകാൻ പാകിസ്ഥാൻ തയ്യാറാവണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പതിവുപോലെ മരണപ്പെട്ടവരെ കൈയ്യൊഴിയുന്ന രീതിയാണ് പാക് സൈന്യം സ്വീകരിച്ചിരിക്കുന്നത്.