sreeram-venkittaraman

തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ഐ.സി.യുവിലേക്ക് മാറ്റി. ശ്രീറാമിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രി 9.30ഓടെയാണ് ശ്രീറാം വെങ്കിട്ടരാമനെ ജയിൽ വാർഡിൽ എത്തിച്ചത്. എന്നാൽ,​ രാത്രി 11 മണിയോടെ തന്നെ ഇദ്ദേഹത്തെ സർജിക്കൽ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം,​ കേസുമായി ബന്ധപ്പെട്ട് മ്യൂസിയം എസ്​.ഐ വീഴ്​ച വരുത്തിയെന്ന്​ സ്​പെഷ്യൽ ബ്രാഞ്ച്​ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്​റ്റേഷൻ രേഖകളിൽ അപകട വിവരം രേഖപ്പെടുത്തിയിട്ടും ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുത്തില്ല. നാലു മണിക്കൂർ വൈകിയാണ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തതെന്നും സ്​പെഷ്യൽ ബ്രാഞ്ച്​ റിപ്പോർട്ടിൽ പറയുന്നു. ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ നിന്ന്​​ സ്വകാര്യ ആശുപത്രിയിലേക്ക്​ പോകാൻ അനുവദിച്ചതിലും വീഴ്​ച വരുത്തി. പൊലീസ്​ ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്​ടർ ശ്രീറാമി​ന്റെ രക്തപരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.