jio

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സേവനങ്ങൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ മാസം 12 നടക്കുന്ന എ.ജി.എം മീറ്റിങ്ങിൽ പ്രഖ്യാപിക്കുമെന്ന് വിവരം. ഒരു വർഷം മുൻപ് അവതരിപ്പിച്ച ജിഗാഫൈബർ പദ്ധതിയുടെ നിരക്കുകളും മറ്റു വിശദമായ വിവരങ്ങളും അധികം വൈകാതെ തന്നെ ജിയോ പുറത്ത് വിടും. ജിഗാഫൈബർ ബ്രോഡ്ബാൻഡിന്റെ കൂടെ ജിഗാ ടിവിയും റിലയൻസ് പുറത്തിറക്കുമെന്നും വിവരമുണ്ട്. 4 കെ എന്ന് പേരുള്ള സെറ്റ് ടോപ്പ് ബോക്‌സിനൊപ്പമാണ് ജിയോ ടി.വി പുറത്തിറങ്ങുക. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ഐ‌.പി‌.ടി‌.വി സേവനം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ജിഗാ ടിവിയെക്കുറിച്ചുള്ള മുൻ അഭ്യൂഹങ്ങൾക്ക് ശരിവയ്ക്കുന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ജിഗാ ഫൈബറിനൊപ്പമുള്ള ഓഫറിലാണ് ജിഗാ ടിവി എത്തുക.

ഫൈബർ ഒപ്റ്റിക്ക് കേബിൾ വഴിയാണ് ഈ പദ്ധതിയിലൂടെ ജിയോ ഇന്റർനെറ്റ് സേവനം നൽകുക. അതുകൊണ്ടുതന്നെ കണ്ണഞ്ചിപ്പിക്കുന്ന സ്പീഡും, സുസ്ഥിരമായ ഇന്റർനെറ്റും ഇതുവഴി ഉറപ്പാക്കാൻ സാധിക്കും. മാത്രമല്ല മറ്റ് സേവനദാതാക്കളുമായ് താരതമ്യപ്പെടുത്തുമ്പോൾ ഏറെ ലാഭകരവുമാണ് ജിയോ ജിഗാഫൈബർ. ഈ പദ്ധതി ജിയോ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജിയോ ഫൈബറിന്റെ സ്പീഡുമായും ,വിലയുമായും ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഉപഭോക്താക്കൾക്ക് അനുകൂലമാണെന്നാണ് സൂചന.

600 രൂപയാണ് ഒരു മാസം ഈ സേവനത്തിന് നൽകേണ്ടി വരിക. ഈ പൈസയ്ക്ക് സെക്കൻഡിൽ 50 എം.ബി സ്പീഡ് വരെ ലഭിക്കും. എന്നാൽ സെക്കൻഡിൽ 100 എം.ബി. സ്പീഡ് ലഭിക്കുന്ന മറ്റൊരു പ്ലാനും മെഗാഫൈബർ വഴി ജിയോ ലഭ്യമാക്കുന്നുണ്ട്. എന്നാൽ ഇതിനു 1000 രൂപയാണ് ഉപഭോക്താവ് നൽകേണ്ടി വരിക. ഏതാനും ആഴ്ചകൾക്കുള്ളിൽ മാതൃസ്ഥാപനമായ റിലയൻസിന്റെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാകും ഈ പദ്ധതി ലോഞ്ച് ചെയ്യുക. തുടക്കത്തിൽ ഈ രണ്ടു പ്ലാനുകളിലൂടെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയ ശേഷം പദ്ധതി വിപുലീകരിക്കാനാണ് ജിയോ ആലോചിക്കുന്നത്.

4500 രൂപയ്ക്കാണ് ജിഗാഫൈബർ വഴി ഇന്റർനെറ്റ് സേവനം ജിയോ ലഭ്യമാക്കുക എന്നാണ് ആദ്യം പുറത്ത് വന്നിരുന്ന വാർത്തകൾ. എന്നാൽ പിന്നീട് 2500 രൂപയ്ക്കും ഇന്റർനെറ്റ് ലഭിക്കും എന്ന വിവരം പുറത്തുവന്നു. താരതമ്യേന വേഗം കുറവുള്ളതായിരിക്കും 2500 രൂപയ്ക്ക് ലഭിക്കുന്ന കണക്ഷൻ. കണക്ഷൻ ലഭിക്കാനായി വാങ്ങിക്കേണ്ട ജിയോ ഉപകരണങ്ങളുടെ വിലയാണ് 2500 രൂപയും, 4500 രൂപയും. ജിയോ ഹോം ടി.വി, ലാൻഡ്ലൈൻ കോൾ എന്നിവ ഈ രണ്ട് പ്ലാനുകൾക്കൊപ്പവും സൗജന്യമായി ലഭിക്കും.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ജിഗാഫൈബർ സേവനം ലഭ്യമാക്കാൻ ജിയോയ്ക്ക് കഴിയും എന്നാണു പ്രതീക്ഷ. ജിയോ നൽകുന്ന ഇന്റർനെറ്റ് വഴി ഗെയിമാകട്ടെ, സിനിമയാകട്ടെ, സെക്കൻഡുകൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അതുകൂടാതെ വാണിജ്യാടിസ്ഥാനത്തിൽ ഗിഗാഫൈബർ ലഭ്യമാകുന്നതിന് മുൻപ് ഒരു വർഷം വരെ ഈ സേവനം സൗജന്യമായിരിക്കും.

പ്ലാനിനൊപ്പം ലഭിക്കുന്ന ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് ടെർമിനൽ റൗട്ടർ വഴി മൊബൈൽ ഫോൺ, ടാബ്‌ലറ്റ് എന്നിങ്ങനെ 45ഓളം ഡിവൈസുകളിലേക്ക് ഇന്റർനെറ്റ് എത്തിക്കാനും സാധിക്കും. 600 ചാനലുകളാണ് ജിയോ ടി.വിയിൽ ഉണ്ടാകുക. ജിയോയുടെ സ്മാർട്ട് ഹോം സർവീസുകൾ കൂടി വേണ്ടവർക്ക് പ്രതിമാസം 1000 രൂപ കൂടി അധികം നൽകേണ്ടി വരും. ഏതായാലും 2015ലെ വിപ്ലവകരമായ ജിയോയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള വൻപിച്ച പദ്ധതിയാണ് ജിഗാഫൈബർ.