തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക പരിഗണനയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷെെലജ പറഞ്ഞു. സാധാരണക്കാർക്കുള്ള പരിഗണന മാത്രമേ ശ്രീറാം വെങ്കിട്ടരാമനും കിട്ടേണ്ടതുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി സംസാരിച്ചിട്ടില്ലെന്നും മെഡിക്കൽ ബോർഡ് ചേർന്ന് കാര്യങ്ങൾ വിലയിരുത്താൻ നിർദ്ദേശം നൽകിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ശ്രീറാമിനെ മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ഐ.സി.യുവിലേക്ക് മാറ്റി. ശ്രീറാമിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രി 9.30ഓടെയാണ് ശ്രീറാം വെങ്കിട്ടരാമനെ ജയിൽ വാർഡിൽ എത്തിച്ചത്. എന്നാൽ, രാത്രി 11 മണിയോടെ തന്നെ ഇദ്ദേഹത്തെ സർജിക്കൽ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
കോടതി റിമാൻഡ് ചെയ്ത ശേഷം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീറാം. സ്വകാര്യ ആശുപത്രിയിൽ കഴിയാൻ തക്ക ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിലിലേക്ക് മാറ്റാൻ മജിസ്ട്രേട്ട് ഉത്തരവിട്ടത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടും. മുഖത്ത് മാസ്ക് ധരിപ്പിച്ച് സ്ട്രെച്ചറിൽ കിടത്തി ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസിൽ കയറ്റിയാണ് ശ്രീറാമിനെ ആശുപത്രിയിൽ നിന്ന് മാറ്റിയത്.
പൂജപ്പുര ജില്ലാജയിലിൽ എത്തിച്ച ശ്രീറാമിനെ സെൻട്രൽ ജയിലിലെ മെഡിക്കൽ ഓഫീസർ ഡോ.രാജേഷ് കുമാർ എത്തി ആംബുലൻസിൽ കയറി പരിശോധിച്ചു. അമിത രക്തസമ്മർദ്ദവും കൈയിലും തലയിലും ചെറിയ പരിക്കുകളുമുള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു. തുടർന്ന് ജില്ലാ ജയിൽ അധികൃതരുടെ കത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.