tovino-thomas

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് സൂപ്പർതാര നിരയിലേക്ക് ഉയരാൻ ടൊവിനോയ്‌ക്ക് കഴിഞ്ഞു. സാമൂഹിക പ്രതിബദ്ധതയാർന്ന വിഷയങ്ങളിൽ താരപരിവേഷം മാറ്റിവച്ചുകൊണ്ടുള്ള ഇടപെടലും ആരാധകർക്കിടയിൽ ടൊവിനോയ്‌ക്ക് പ്രത്യേക സ്ഥാനം നൽകി. എന്നാൽ അവസരം ചോദിച്ച് അലഞ്ഞ കാലത്ത് മലയാളി മുഖമല്ലെന്ന് പറഞ്ഞ് പലരും തനിക്ക് അവസരം നിഷേധിച്ചിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ.

ലൂസിഫറിലെ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെ മികച്ച രീതിയിലാണ് താരം അവതരിപ്പിച്ചത്. ജതിൻ രാംദാസിനെ അവതരിപ്പിക്കാൻ ടൊവിനോയെക്കാൾ മറ്റൊരു ഓപ്‌ഷൻ ഇല്ലെന്ന വിലയിരുത്തൽ അണിയറ പ്രവർത്തകരിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ആരെങ്കിലുമായി അടുത്തുനിൽക്കുന്നയാളാകാണം ജതിൻ രാംദാസ് എന്ന നിർദേശം സംവിധായകനിൽ നിന്ന് തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ടൊവിനോ പറയുന്നു. എന്നാൽ ചിത്രം പ്രദർശനത്തിനെത്തിയതോടെ അത്തരം ചില അഭിപ്രായങ്ങൾ തലപൊക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കി.

ടൊവിനോ തോമസിന് 2022 വരെ സിനിമകൾ ഉറപ്പിച്ചു കഴിഞ്ഞുവെന്നും, ഇനി കുറച്ചുകാലത്തേക്ക് പുതിയ കഥകളൊന്നും കേൾക്കില്ലെന്ന പ്രചരണങ്ങളോട് താരം പ്രതികരിച്ചത് ഇങ്ങനെ- 'ഇത്തരം വാർത്തകൾ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. കുറച്ചു സിനിമകൾ പറഞ്ഞുവച്ചിട്ടുണ്ട്. കഥകൾ കേട്ടുതന്നെയാണ് സിനിമയുടെ ഭാഗമാകുന്നത്. ഇപ്പോഴും കഥകൾ കേൾക്കാറുണ്ട്. പുതിയ ആളുകൾക്കൊപ്പവും സിനിമ ചെയ്യുന്നുണ്ട്. അടുത്ത കാലത്ത് തുടർച്ചയായി സിനിമകൾ ഉണ്ടായിരുന്നു. ഇനി കുടുംബത്തിനൊപ്പം ചെറിയൊരു വിശ്രമമാണ്. വിട്ടിൽ വെറുതെയിരിക്കണം'. ചില യാത്രകളും തന്റെ മനസിലുണ്ടെന്ന് ടൊവിനോ പറയുന്നു. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.