പ്രളയം നാടിനെ മാത്രമല്ല നദികളെയും മാറ്റിമറിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം മഹാപ്രളയത്തിൽ പമ്പാനദിയിലെ പ്രസിദ്ധമായ ഉത്തൃട്ടാതി വള്ളംകളി മാറ്റി വയ്‌ക്കേണ്ട അവസ്ഥയുണ്ടായി. എന്നാൽ ഇത്തവണ നദിയിലെ വെള്ളക്കുറവാണ് വള്ളംകളിക്ക് തടസമായി മാറിയിരിക്കുന്നത്. പ്രളയത്തിൽ തുറന്ന് വിട്ട ഡാമിൽ നിന്നും വെള്ളത്തിനൊപ്പം കുത്തിയൊലിച്ചുവന്ന മണ്ണ് ഇന്ന് നദിയിൽ നീരൊഴുക്ക് തടസപ്പെടുത്തുകയാണ്. ഇത് നദിയുടെ ആഴം കുറയുന്നതിന് കാരണമായി മാറിയിരിക്കുകയാണ്. ഇതോടൊപ്പം പമ്പയ്ക്ക് ഇരുകരയിലുമുള്ള വീടുകളും മഹാപ്രളയത്തിൽ നശിച്ചിരുന്നു. ഇവിടെ താമസിക്കുന്നവരുടെ ജീവിതത്തെയും പ്രളയം സാരമായി ബാധിച്ചിരുന്നു. പ്രളയം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുന്ന വേളയിലും പരാധീനതകളിൽ നിന്നും കരകയറാനാവാതെ ബുദ്ധിമുട്ടുകയാണ് ജനം. ഇതിനൊപ്പമാണ് ഒരു നാടിനാകെ ആവേശമായ ഉത്തൃട്ടാതി വള്ളംകളി നടത്താനാവുമോ എന്ന ആശങ്ക ഉയരുന്നത്. പ്രളയത്തിൽ വള്ളംകളിക്കുപയോഗിക്കുന്ന ചുണ്ടൻവള്ളങ്ങൾക്കും സാരമായ കേടുപാടുണ്ടായി. ലക്ഷങ്ങൾ ചെലവഴിച്ചു ചുണ്ടൻവള്ളങ്ങളുടെ കേടുപാടുകൾ തീർത്തെങ്കിലും പമ്പയിൽ വെള്ളമില്ലാത്തത് വള്ളംകളിക്ക് തടസമാവുകയാണ്.