ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370 റദ്ദാക്കിയതിനെ തുടർന്ന് പാർലമെന്റിൽ ചരിത്രത്തിൽ ഇന്നുവരെ സംഭവിക്കാത്ത തരത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വൻ പ്രതിഷേധം. കോൺഗ്രസ്, ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷമാണ് രാജ്യസഭയിൽ ബഹളം വച്ചത്. ഇതിനെ തുടർന്ന് പ്രതിപക്ഷ പാർട്ടികളുടെ മുദ്രാവാക്യങ്ങളും പാർലമെന്റിൽ ഉയർന്നു. സഭാനടപടികൾ നിർത്തിവയ്ക്കാനും കാശ്മീരിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിശദീകരണം നൽകണമെന്നും പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ബിൽ പാസാക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭവും നിയമപോരാട്ടവുമായി പ്രതിപക്ഷം രംഗത്തിറങ്ങുമെന്നാണ് സൂചന. അതേസമയം പാസായ പുതിയ നിയമമനുസരിച്ച് കാശ്മീർ താഴ്‌വര കേന്ദ്രഭരണത്തിനു കീഴിൽ വരും. ബിൽ പാസാക്കിയതോടെ രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുമെന്നും ജനാധിപത്യത്തിന് ഇത് കറുത്ത ദിനമെന്നും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.
ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ മൂന്നായി വിഭജിക്കാനുമുള്ള ബിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ലഡാക്ക്, ജമ്മു, കാശ്മീർ എന്നീ മൂന്ന് പ്രദേശങ്ങളായാണ് ജമ്മു കാശ്മീരിനെ വിഭജിച്ചത്. ജമ്മു സംസ്ഥാനമാക്കും. കാശ്മീർ ഇനി നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമാകും. എന്നാൽ ലഡാക്കിൽ നിയമസഭാ ഉണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവചത്തിട്ടുണ്ട്. ജമ്മു കാശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു അമിത് ഷാ ബിൽ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിർണായ നീക്കം നടത്തിയത്.