ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായ 370ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കും. രാജ്യസഭയിൽ ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രണ്ടായി വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ് വിഭജിക്കുക. ഇതിൽ ജമ്മു കാശ്മീരിൽ നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും. ഇവിടുത്തെ അധികാരം ലഫ്റ്റനന്റ് ഗവർണർക്കായിരിക്കും. കാശ്മീരിനെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ചാണ് വിഭജിക്കുകയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി.
അതേസമയം, ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കാശ്മീരിനും ബാധകമാകും. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അമിത് ഷാ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു സർക്കാരിന്റെ നിർണായക നീക്കം, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാൻ ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് നേരത്തെയും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഇക്കാര്യം പ്രതിപാദിച്ചിരുന്നു.