1. ജമ്മുകാശ്മീരില്‍ 1947ലെ ചരിത്രം തിരുത്തുന്ന ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. കാശ്മീരിന് പ്രത്യേക സ്വയം ഭരണ അവകാശം നല്‍കുന്ന 370-ാം വകുപ്പ് പിന്‍വലിച്ചു. മൂന്നു ബില്ലുകള്‍ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ആദ്യ പ്രമേയത്തില്‍ 370-ാം വകുപ്പ് എടുത്തു കളഞ്ഞ അമിത് ഷാ, രണ്ടാം പ്രമേയത്തില്‍ കാശ്മീരിലെ മറ്റെല്ലാ വ്യവസ്ഥകളും റദ്ദാക്കി. ഭരണഘടനാ അനുച്ഛേദം 35 എ പ്രകാരം കാശ്മീരിന് ഉണ്ടായിരുന്ന മറ്റ് ആനുകൂല്യങ്ങളും റദ്ദാക്കി
2. കാശ്മീര്‍ പുനസംഘടനാ ബില്ലിലൂടെ, ജമ്മു കാശ്മീരിനെ കേന്ദ്രം മൂന്നായി വിഭജിക്കും. ജമ്മു വിനെ ഒറ്റ സംസ്ഥാനമായി നിലനിര്‍ത്തുകയും കാശ്മീര്‍, ലഡാക്ക് എന്നിവയെ കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറ്റുകയും ചെയ്യും. എന്നാല്‍ ലഡാക്കില്‍ നിയമസഭ ഉണ്ടായേക്കില്ല. കാശ്മീര്‍ ബില്ലിനെ തുടര്‍ന്ന് രാജ്യസഭയില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധം. കാശ്മീരില്‍ യുദ്ധ സമാന സാഹചര്യം എന്ന് ഗുലാംനബി ആസാദ്. ബഹളത്തിനിടയിലും കാശ്മീര്‍ ബില്‍ അവതരണം പൂര്‍ത്തിയാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി. കാശ്മീര്‍ ബില്ലുകൂടി പാസാക്കിയതോടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി ഇരിക്കുക ആണ് ബി.ജെ.പി
3. അതേസമയം, താഴ്വരയില്‍ പരിഭ്രാന്തിയും ആശങ്കയും പടര്‍ത്തി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കി. മുന്‍ മുഖ്യമന്ത്രിമാരായ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെയും ആണ് വീട്ടു തടങ്കലില്‍ ആക്കിയത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിനെയും വീട്ടു തടങ്കലില്‍ ആക്കിയിട്ടുണ്ട്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും നടത്തിയ ഉന്നത തല ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അര്‍ധരാത്രി നാടകീയ നീക്കങ്ങള്‍. സംസ്ഥാനത്ത് അര്‍ധരാത്രി നിരോധനാജ്ഞയും പ്രഖ്യാപിച്ചു. പലയിടത്തും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടഞ്ഞു വച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
4. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ശ്രീറാം വെങ്കിട്ടരാമന് സുഖവാസം. ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആദ്യം സര്‍ജറി ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചത്. ശ്രീറാമിനെ ജയില്‍ സെല്ലില്‍ പ്രവേശിപ്പിച്ചില്ല. അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്‌പെന്‍ഡ് ചെയ്യും. ഡി.ജി.പി റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ശ്രീറാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
5. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും വീഴ്ചപറ്റിയെന്ന് പൊലീസ്. പൊലീസ് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ രക്ത പരിശോധന നടത്തിയില്ല. മ്യൂസിയം എസ്.ഐ വീഴ്ച വരുത്തി എന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാല് മണിക്കൂര്‍ വൈകി. സ്റ്റേഷന്‍ രേഖകളില്‍ അപകട വിവരം രേഖപ്പെടുത്തിയിട്ടും കേസ് എടുത്തില്ല. രക്ത സാമ്പിള്‍ ശേഖരിക്കുന്നതിലും വീഴ്ച. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതിലും വീഴ്ച വരുത്തി എന്നും റിപ്പോര്‍ട്ട്.
6. ശ്രീറാമിന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ ആയിട്ടില്ലെന്നാണ് സൂചന. അപകടം കഴിഞ്ഞ് 9 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തം പരിശോധന നടത്തിയത്. സമയം വൈകിയതിനാല്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തേ വിമര്‍ശനം ഉണ്ടായിരുന്നു. രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കുറക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മരുന്നു നല്‍കിയെന്ന സംശയങ്ങളും നില നില്‍ക്കുന്നുണ്ട്. രക്ത പരിശോധനാ ഫലം നെഗറ്റീവായാല്‍ മനപൂര്‍വം അല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിനെതിരെ നിലനില്‍ക്കുക.
7. ഉന്നാവോ പീഡന കേസ് ഇന്ന് ഡല്‍ഹി തീസ് ഹസാരി കോടതി പരിഗണിക്കും. മുഖ്യപ്രതിയും എം.എല്‍.എയുമായ കുല്‍ദീപ് സെന്‍ഗറിനെയും കൂട്ടാളി ശശി സിംഗിനെയും കോടതിയില്‍ ഹാജരാക്കും. പീഡനക്കേസില്‍ റിമാന്റിലുള്ള കുല്‍ദീപ് സെന്‍ഗറിനെ പുലര്‍ച്ചയോടെ പൊലീസ് ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. കേസുകള്‍ രാഷ്ട്രീയ ആരോപണം മാത്രം ആണെന്നും പെണ്‍കുട്ടി സുഖം പ്രാപിച്ചു വരട്ടേ എന്നുമായിരുന്നു സീതാപുര്‍ ജയിലില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കവേ കുല്‍ദീപ് സെന്‍ഗാറിന്റെ പ്രതികരണം