modi-amit-shah

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം മുഖവിലയ്ക്ക് പോലുമെടുക്കാതെ ജമ്മു കാശ്മീരിന് ഭരണഘടനയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കുകയാണ്. ഇതു സംബന്ധിച്ച ചർച്ച രാജ്യസഭയിൽ നടക്കുകയാണ്. സഭയിൽ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷത്തെ എം.പിമാരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. കാശ്മീരിലെ ജനങ്ങളുടെ ഹിതം മനസിലാക്കാൻ ശ്രമിക്കാതെ ഏകപക്ഷീയമായി നിയമം അടിച്ചേൽപ്പിക്കുവാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി നിരവധി പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തുകയാണ്. കാശ്മീർ താഴ്വരയെ രാഷ്ട്രീയമായി കൈപ്പിടിയിൽ ഒതുക്കാനുള്ള നീക്കമാണിതെന്ന് അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സംസ്ഥാനത്തെ ജനതയെ പുറത്തിറങ്ങാൻ പോലും അനുവദിക്കാതെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പട്ടാളരാജ് പ്രഖ്യാപിച്ച് ഹിറ്റ്ലർ മാതൃകയിൽ രാമരാജ്യത്തിലേക്കുള്ള ആദ്യത്തെ പ്രത്യക്ഷ ചുവടുവെപ്പാണെന്ന് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അതിർത്തി കടന്നുള്ള തീവ്രവാദവും, മതമൗലികവാദവും, വിഘടനാവാദവും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിനു പകരം കശ്മീർ താഴ്‌വരയെ രാഷ്ട്രീയമായി കൈപ്പിടിയിലാക്കാൻ അധികര ഹുങ്കിന്റെ ബലത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയണം....

കശ്മീരിലെ ജനങ്ങളുടെ ഹിതത്തെ കണക്കിലെടുത്ത് ചർച്ചകളിലൂടെയും പരസ്പര ധാരണകളിലൂടെയും രമ്യമായി പരിഹരിക്കേണ്ട വിഷയം ഒരു സംസ്ഥാനത്തെ ജനതയെ പുറത്തിറങ്ങാൻ സാധിക്കാത്ത വിധം നിരോധനാജ്ഞ പ്രഖ്യാപിച്ച് പട്ടാളരാജ് പ്രഖ്യാപിച്ച് ഹിറ്റ്ലർ മാതൃകയിൽ നടപ്പിലാക്കുന്നത് രാമരാജ്യത്തിലേക്കുള്ള ആദ്യത്തെ പ്രത്യക്ഷ ചുവടുവെപ്പാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു....

ഈ സന്ദർഭത്തിൽ വാട്സാപ്പ് ബുദ്ദിജീവികളുടെ ആത്മരതിയിൽ മെനഞ്ഞ കള്ള കഥകൾ പൊട്ടൻ ആട്ടം കാണുന്നതുപോലെ വിഴുങ്ങാതെ യാഥാർഥ്യങ്ങൾ മനസിലാക്കാം...

എന്തൊക്കെയാണ് കശ്മീരിന്റെ പ്രത്യേക ആനുകൂല്യങ്ങൾ❓

ആർട്ടിക്കിൾ 35 എ / ആർട്ടിക്കിൾ 370 തുടങ്ങിയ രണ്ട് വകുപ്പുകൾ പ്രകാരമാണ് കാശ്മീരിന് പ്രത്യേക പദവി നൽകിയിരിക്കുന്നത്.

എന്താണ് ആർട്ടിക്കിൾ 370❓

ഇന്ത്യൻ സ്വാതന്ത്രാനന്തരം തനിയെ നിലകൊണ്ട നാട്ടുരാജ്യമായിരുന്ന കാശ്മീരിനെ പാകിസ്താന്റെ പിന്തുണയോടെ പഠാണി ഗോത്ര വർഗം ആക്രമിച്ചപ്പോൾ ലയന ഉടമ്പടിയിൽ ഒപ്പിട്ട് ഹരിസിംഗിന്റെ ജമ്മു കാശ്മീർ 1947 ഒക്ടോബർ 26 ഇന്ത്യയിൽ ലയിക്കുകയായിരുന്നു

അന്ന് ജവാഹർലാൽ നെഹ്രുവിന്റെ ഉറപ്പിന്മേൽ നൽകപ്പെട്ടതാണ് ആർട്ടിക്കിൾ 370 ന്മേൽ ഉള്ള പ്രത്യേക പദവി.

എന്തൊക്കെയാണ് ആ പ്രത്യേക അധികാരങ്ങൾ❓

👉 കാശ്മീരിന് ദേശീയ പതാകയ്ക്ക് പുറമെ പ്രത്യേക പതാകയും, പ്രത്യേക ഉപ ഭരണ ഘടനയുമുണ്ട്.

👉പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നീ വകുപ്പുകളിൽ മാത്രമാണ് ഇന്ത്യൻ പാർലമെന്റ് നടപ്പാക്കുന്ന തീരുമാനങ്ങളിൽ ഉൾപ്പെടുന്നത് മറ്റു വകുപ്പുകളിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം കൂടി ആവശ്യമാണ്.

👉പക്ഷെ ഈ പദവികൾ ഉപയോഗിച്ച് ഇന്ത്യയിൽ നിന്നു വിട്ടുപോകാനുള്ള അധികാരവും കാശ്മീരിനില്ല.

👉പ്രത്യേക പദവികൾ ഉണ്ടെങ്കിലും 1952 ലെ ദില്ലി കരാർ പ്രകാരം കാശ്മീരികളെല്ലാവരും ഇന്ത്യൻ പൗരന്മാർ തന്നെയാണ്.

👉മറ്റെല്ലാ സംസ്ഥാനങ്ങളിലേതിന് സമാനമായ മതേതരത്വം നിയമവിധേയമായ സംസ്ഥാനമാണ് കാശ്മീർ.

എന്താണ് ആർട്ടിക്കിൾ 35 A?

1954 ഇൽ ജവാഹർലാൽ നെഹ്‌റു മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ആണ് ആർട്ടിക്കിൾ 370 നോടൊപ്പം ആർട്ടിക്കിൾ 35 A കൂട്ടിച്ചേർക്കുന്നത്. ഇതൊരു ഭരണഘടന ഭേദഗതിയായി പാർലമെന്റിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്തിട്ടില്ല.

ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാർക്ക്‌ പ്രത്യക അവകാശങ്ങൾ നൽകുന്നതാണ് ആർട്ടിക്കിൾ 35 A

എന്താണ് ആർട്ടിക്കിൾ 35A നൽകുന്ന പ്രത്യേക അവകാശങ്ങൾ❓

1. കശ്മീരിൽ ഭൂമി സ്വന്തമാക്കാൻ കാശ്മീരികൾക്കു മാത്രമേ സാധിക്കു.

2. ജമ്മു കശ്മീരിലെ വിദ്യാഭാസ സ്ഥാപനങ്ങളിൽ പഠിക്കാനും, സർക്കാർ സ്കോളർഷിപ് നേടാനോ, സർക്കാർ ജോലി നേടാനോ കാശ്മീരികൾക്കെ അനുമതിയുള്ളു.

3. ഒരു കാശ്മീരി വനിത കാശ്മീരിന് പുറത്തു നിന്നുള്ള ഒരാളെ വിവാഹം കഴിക്കുകയാണെങ്കിൽ അവർക്കു കശ്മീരിലെ ഭൂമിയിലെ അവകാശം നഷ്ട്ടമാകും.

സുനന്ദ പുഷ്‌ക്കറിന്റെ കാര്യത്തിൽ നമ്മളിൽ ചർച്ച ചെയ്ത കാര്യങ്ങൾ ഓർമയിൽ വരുന്നു.

ആരാണ് കാശ്മീരി?

ആർട്ടിക്കിൾ 35 എ പ്രകാരം കാശ്മീർ സർക്കാരിന് മാത്രമാണ് സ്ഥിരതാമസക്കാരുടെ കാര്യത്തിൽ തീർപ്പുകൽപ്പിക്കുന്നതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്.

ആർട്ടിക്കിൾ 35 എ യും ആർട്ടിക്കിൾ 370 ഉം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. വി ദ സിറ്റിസൺ എന്ന എൻ ജി ഒ ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

കേന്ദ്ര സർക്കാരിന് കശ്മീരിന്റെ ഭരണഘടന പദവി റദ്ദാക്കാൻ സാധിക്കുമോ ?

സാധിക്കും.
നിയമപരമായി മറുപടി പറഞ്ഞാൽ സാധിക്കും. പക്ഷെ അതൊരു സങ്കീർണ്ണമായ നടപടിക്രമമാണ്.

ഭരണഘടനയുടെ അനുച്ഛേദം 368(1) പ്രകാരം കാശ്‌മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 ആർട്ടിക്കിൾ 368(1) ലൂടെ റദ്ദാക്കാൻ ലോക്സഭയിൽ ഭരണഘടന ഭേദഗതി ബില്ല് അവതരിപ്പിക്കാം.

ലോക്സഭയും, രാജ്യസഭയും ഭരണഘടന ഭേദഗതി പാസ്സാക്കിയാൽ പിന്നീട് രാജ്യത്തെ പകുതി സംസ്ഥാനങ്ങൾ ഈ ഭേദഗതിയെ പിന്തുണയ്ക്കണം. പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ച് ആർട്ടിക്കിൾ 370 റദ്ദാക്കപെട്ടാൽ പാർലമെന്റിന് അഥവാ കേന്ദ്ര സർക്കാരിന് ജമ്മു കശ്മീരിന്റെ അതിർത്തി പുനർ നിർണ്ണയിക്കുകയോ ചെയ്യാം.

ആർട്ടിക്കിൾ 3 പ്രകാരം കേന്ദ്ര സർക്കാരിന് അതാത് സംസ്ഥാനങ്ങളുമായി ആലോചിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കുകയോ, പുനർ നിർണ്ണയം നടത്തുകയോ ചെയ്യാം.

കാശ്മീരിന് പ്രത്യക അധികാരം നൽകുന്ന 370 വകുപ്പിലെ ഉപവകുപ്പ് 3 പ്രകാരം ചില സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രസിഡന്റിന് പ്രസ്‌തുത വകുപ്പ് റദ്ദാക്കുന്നതായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്. Article 370(3), notwithstanding anything in the foregoing provisions of this article, the President may, by public notification, declare that this Article shall cease to be operative or shall be operative only with such exceptions and modifications and from such date as he may specify, provided that the recommendation of the Constituent Assembly of the State referred to in clause (2) shall be necessary before the President issues such a notification.

ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട മറ്റ് നിയമ പ്രശങ്ങൾ ഇവയാണ്.

👉ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ജമ്മു കശ്മീർ ഇന്ത്യയിൽ ലയിച്ച കരാറുകൾ ലംഘിക്കപ്പെടുകയും, ലയനം അസാധുവാക്കപ്പെടുകയും ചെയ്യും

👉 ആർട്ടിക്കിൾ 368 പ്രകാരം പാർലമെന്റിന് കശ്മീരിന്റെ 370 ആർട്ടിക്കിൾ റദ്ദാക്കാൻ സാധിക്കും എന്നാൽ കേശവനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള കേസിൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധി പ്രകാരം ഭരണഘടനായിടെ ബെയിസിക് സ്ട്രാക്ച്ചറിൽ ഭേദഗതി വരുത്താൻ പാടുള്ളതല്ല.

ആർട്ടിക്കിൾ 370 ഭരണഘടനയുടെ ബേയിസിക് സ്ട്രാക്ച്ചറിന്റെ ഭാഗമാണോ എന്ന ഭരണഘടന പരിശോധന സുപ്രീംകോടതി നടത്തിയതിന് ശേഷമേ ആർട്ടിക്കിൾ 370 റദ്ദാക്കാൻ സാധിക്കുകയുള്ളൂ.

വാൽ: കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ അവരിൽ അടിച്ചേൽപ്പിക്കാൻ പാടുള്ളൂ അതും ജനാധിപത്യപരവും നിയമപരവുമായി മാത്രം. രാമരാജ്യത്തിന്റെ അടിത്തറയിൽ കശ്മീരിനെ ബലികൊടുക്കാമെന്ന സംഘപരിവാർ അജണ്ട ചെറുത്ത് തോല്പിക്കേണ്ട ബാധ്യത നമുക്കോരോരുതർക്കുമുണ്ട്.

കാലോചിതമായി കശ്മീരിൽ നടപ്പിലാക്കപ്പെടേണ്ട ഒരുപാട് മാറ്റങ്ങളുണ്ട് എന്ന യാഥാർഥ്യവും ഇതോടൊപ്പം അംഗീകരിക്കുന്നു. പക്ഷെ അതൊരു ഏകാധിപത്യ നീക്കത്തിലൂടെയായിരിക്കരുത്.

അഡ്വ ശ്രീജിത്ത് പെരുമന