train-

തിരുവനന്തപുരം: മുംബയിലെ കനത്ത മഴയെ തുടർന്ന് മൂന്ന് ട്രെയിനുകൾ റദ്ദാക്കി. മുംബയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയെത്തുടർന്ന് പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണു. മുംബയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും തടസപ്പെട്ടിരിക്കുകയാണ്. റെയിൽപാതയിൽ വീണ മണ്ണുകൾ നീക്കം ചെയ്‌തെങ്കിലും തീവണ്ടി ഗതാഗതം പൂർണമായി പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

മണ്ണിടിച്ചിലിനെത്തുടർന്ന് മുംബയിലേക്കുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കുകയും രണ്ടെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കന്യാകുമാരി-മുംബയ് സി.എസ്.ടി. ജയന്തി ജനത, നാഗർകോവിലിൽ നിന്ന് തിരുനെൽവേലി വഴിയുള്ള മുംബയ് സി.എസ്.ടി. എക്‌സ്പ്രസ്, തിരുവനന്തപുരം സെൻട്രല്‍ -ലോകമാന്യ തിലക് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

രാവിലെ 7.45ന് തിരുനെൽവേലിയിൽ നിന്നു പുറപ്പെടുന്ന തിരുനെൽവേലി-ജാംനഗർ ദ്വൈവാര തീവണ്ടി തൃശൂർ-പാലക്കാട്-സേലം വഴി തിരിച്ചുവിടും. തിങ്കളാഴ്ച രാവിലെ 9.15-നു കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന കൊച്ചുവേളി-ചണ്ഡീഗഢ് ദ്വൈവാര തൃശൂർ -പാലക്കാട്-സേലം വഴി തിരിച്ചുവിടും.