ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ജമ്മു കാശ്‌മീരിലേക്ക് എണ്ണായിരത്തിലധികം അർധസൈനികരെ കൂടുതലായി വിന്യസിച്ച് കേന്ദ്രസർക്കാർ. ഉത്തർപ്രദേശ്, അസം, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് വ്യോമസേനയുടെ സി- 17 വിമാനങ്ങളിൽ സൈനികരെ താഴ്‌വരയിൽ എത്തിച്ചത്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കാശ്‌മീരിൽ സംഘർഷം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക നടപടി എന്നറിയുന്നു. നേരത്തെ മുപ്പത്തി അയ്യായിരത്തിലധികം അർദ്ധസൈനികരെ കേന്ദ്രം ജമ്മു കാശ്‌മീരിന്റെ വിവിധയിടങ്ങളിൽ വിന്യസിച്ചിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ രണ്ടു ദിവസം കാശ്‌മീരിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് കൂടുതൽ സൈന്യത്തെ അയയ്‌ക്കാനുള്ള തീരുമാനം കൈകൊണ്ടത്. നിലവിൽ താഴ്‌വരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. മൊബൈൽ ഫോൺ, ഇന്റർനെറ്റ് ബന്ധങ്ങളെല്ലാം തന്നെ വിച്ഛേദിക്കപ്പെട്ടു കഴിഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബിൽ രാജ്യസഭയിൽ ഇന്ന് രാവിലെ അവതരിപ്പിച്ചത്. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കകം രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. സർക്കാർ ശുപാർശ അംഗീകരിച്ച് ബില്ലിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിടുകയായിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ജമ്മു കാശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആർട്ടിക്കിൾ 35 അയും ഇല്ലാതാവും. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കാശ്മീരിനും ബാധകമാകും. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കി. പുതിയ തീരുമാനത്തോടു കൂടി ജമ്മു കാശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്കിൽ നിയമസഭ ഉണ്ടാവില്ല, പകരം നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും.