മലയാള സിനിമ മാറിയപ്പോൾ പഴയ നടന്മാരൊക്കെ കഥാപാത്രങ്ങൾക്ക് വേണ്ടി ലുക്ക് മാറ്റി പരീക്ഷണം നടത്തിയിരുന്നു. അടുത്തിടെയായിരുന്നു ജനപ്രിയ നായകൻ ജയറാം അത്തരത്തിൽ ലുക്കൊന്ന് മാറ്റി പരീക്ഷണം നടത്തിയത്. ആരാധകർക്കും സോഷ്യൽ മീഡിയയ്ക്കും അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടി ആ ചിത്രത്തിന് നൽകിയ ഫീഡ്ബാക്കിന് ശേഷമാണ് അത് പ്രേക്ഷകർക്കായി പങ്കുവച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം.
'ഫേസ്ബുക്കിൽ ഇടുന്നതിന് മുമ്പ് ഈ ചിത്രം മമ്മൂക്കയ്ക്ക് അയച്ച് കൊടുത്തിരുന്നു. കുറച്ച് സമയത്തേക്ക് അതിന് മറുപടിയൊന്നും വന്നില്ല. അദ്ദേഹം ഷൂട്ടിംഗ് തിരക്കിലായിരിക്കുമെന്ന് കരുതി. എന്നാൽ പെട്ടെന്ന് കുറേ സന്ദേശങ്ങൾ വന്നു. എന്താടാ ഇത് നീ തന്നെയാണോ?അതോ തല മാറ്റി ഒട്ടിച്ചതാണോ?നിന്റെ പരിശ്രമത്തിന്റെ ഫലമാണിത്എന്നും ഇങ്ങനെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം പ്രേക്ഷകർക്ക് പങ്കുവയ്ക്കാൻ തീരുമാനിച്ചത്'-ജയറാം പറഞ്ഞു.
തെന്നിന്ത്യൻ താരം അല്ലു അർജുനൊപ്പം അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ജയറാം പുതിയ ലുക്ക് പരീക്ഷിച്ചിരിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുന്റെ അച്ഛന്റെ വേഷമാണ് ജയറാം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. തലമുടിയുടെ ഇരു ഭാഗങ്ങളും ട്രിം ചെയ്ത് ശരീര വണ്ണം കുറച്ചാണ് ജയറാമിന്റെ പുതിയ ലുക്ക്.