modi-govt

രണ്ടാം മോദിസർക്കാർ അധികാരത്തിലേറിയിട്ട് നൂറ് ദിനങ്ങൾ തികയ്ക്കും മുൻപേ ശക്തമായ നടപടികളിലൂടെ ശ്രദ്ധേയമാവുകയാണ്. സ്വതന്ത്ര്യാനന്തരം ഇന്ത്യൻയൂണിയനൊപ്പം നിന്ന കാശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ഭരണഘടനയിലെ വകുപ്പുകൾ റദ്ദാക്കിയ നീക്കത്തിലൂടെയാണ് രണ്ടാം മോദിസർക്കാർ രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കേന്ദ്രം ഇത്തരത്തിലൊരു നീക്കത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് സർക്കാരിലെ അതികായൻമാരായ ത്രമൂർത്തികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരാണ് അവർ.

പാർലമെന്റിൽ ബിൽ എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപേ ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങൾ നടന്നിരുന്നു. എന്നാൽ ജമ്മുകാശ്മീരിൽ കേന്ദ്രം കനപ്പെട്ട എന്തോ നടപടിയിലേക്ക് പോകുന്നു എന്ന സൂചന ലഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ്. അമർനാഥ് തീർത്ഥാടനം തത്കാലത്തേയ്ക്ക് നിർത്തി വച്ചുവെന്നും സുരക്ഷ ഭീഷണി കണക്കിലെടുത്ത് തീർത്ഥാടകരും വിനോദ സഞ്ചാരികളും എത്രയും പെട്ടെന്ന് താഴ്വര വിട്ട് പോകണമെന്നുമാണ് അറിയിപ്പുവന്നത്. ഇതിന് തൊട്ടുപിന്നാലെ ഇരുപത്തയ്യായിരം സൈനികരെ ജമ്മുവിൽ വിന്യസിക്കുവാനും തീരുമാനമായി. പാകിസ്ഥാന്റെ പിന്തുണയോടെ ഭീകരർ നുഴഞ്ഞ് കയറിയതായും സുരക്ഷ ഭീഷണി കണക്കിലെടുത്താണ് അസാധാരണ സൈനിക നീക്കമെന്നും അറിയിപ്പുകളുണ്ടായെങ്കിലും ഭരണഘടനഭേദഗതിയാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന വിവരം പുറത്തുപോകാതെ സൂക്ഷിക്കുവാൻ കേന്ദ്രത്തിനായി.

കഴിഞ്ഞ ദിവസം ഡൽഹിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു, ഐ.ബി, റോ മേധാവിമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തതോടെ തൊട്ടടുത്ത ദിവസങ്ങളിൽ കേന്ദ്രം എന്തിനോ പദ്ധതിയിടുന്നു എന്ന അഭ്യൂഹം കാശ്മീരിലും രാജ്യമാകമാനവും പരന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ കാശ്മീരിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ വീട്ടുതടവിലാക്കുകയും, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തി വയ്ക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

അതേസമയം കാശ്മീരിൽ ഇന്ത്യയുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന പാകിസ്ഥാനും ആശങ്കയോടെയാണ് കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ കണ്ടത്. കാശ്മീരിനൊപ്പം പഞ്ചാബ് അതിർത്തിപ്രദേശങ്ങളിലും സൈന്യം ജാഗ്രത പുറപ്പെടുവിച്ചതോടെ ഇന്ത്യയുടെ ഭാഗത്ത് നിന്നും സൈനിക നീക്കമുണ്ടാകുമോ എന്ന ആശങ്കയും പാകിസ്ഥാനുണ്ടായി. ഇതേതുടർന്ന് കഴിഞ്ഞദിവസം ഉന്നത സുരക്ഷ വിഭാഗങ്ങളുടെ തലവൻമാരുമായി പാക് പ്രധാനമന്ത്രി ചർച്ച നടത്തുകയുമുണ്ടായി. എന്നാൽ തിങ്കളാഴ്ച രാവിലെയോടെയാണ് കാശ്മീരിലെ അസാധാരണ സൈനിക നീക്കത്തിന് പിന്നിലുള്ള കാരണം മാദ്ധ്യമങ്ങളിലൂടെ രാജ്യം അറിയുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര മന്ത്രിസഭാ യോഗം നടക്കുമെന്ന അറിയിപ്പ് വന്നതോടെ ഇതിന് സ്ഥിരീകരണമുണ്ടായി. മന്ത്രിസഭായോഗത്തിനുശേഷം പതിനൊന്നോടെ രാജ്യസഭയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കാശ്മീരിലെ സുപ്രധാന തീരുമാനം രാജ്യത്തെ അറിയിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുക്കാതെ ബില്ലിൻമേൽ സഭയിൽ ചർച്ച തുടരുകയാണ്.