unnao-victim

ന്യൂഡൽഹി: വാഹനാപകടത്തെ തുടർന്ന് ലക്നൗ കിംഗ് ജോർജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടിയെയും അഭിഭാഷകനെയും ഡൽഹിയിലെ എംയിസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. എയർ ലിഫ്‌റ്റിംഗിലൂടെയാണ് ഇരുവരെയും ഡൽഹിയിലേക്ക് മാറ്റുക. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ നിർബന്ധത്തെ തുടർന്ന് ലക്നൗവിൽ തുടരുകയായിരുന്നു.

ഇതിനിടെ, പെൺകുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് കിംഗ് ജോർജ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിൽ നിന്ന് പെൺകുട്ടിയെ ഉടൻ തന്നെ മാറ്റും.അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഞങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ പെൺകുട്ടിക്ക് സാധിക്കുന്നുണ്ട്. പനിയിലും നേരിയ കുറവുണ്ട്- ഡോക്ടർമാർ പറഞ്ഞു.

ദിവസങ്ങൾക്കുള്ളിലാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം റായ്ബറേലിയിൽ ദുരൂഹസാഹചര്യത്തിൽ അപകടത്തിൽ പെടുന്നത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെടുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത സി.ബി.ഐ സംഘം എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തു. കുൽദീപ് സെൻഗാറും പത്ത് കൂട്ടാളികൾക്കും പുറമെ അരുൺ സിംഗ് എന്നയാളെയും സി.ബി.ഐ സംഭവത്തിൽ പ്രതികളാക്കിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ രൺവീന്ദർ സിംഗിന്റെ മരുമകനായ അരുൺ സിംഗിനെയാണ് പ്രതി ചേർത്തിരിക്കുന്നത്.