mohanlal

മലയാളത്തിലെ മഹാനടൻ മോഹൻലാലും തമിഴ് സൂപ്പർതാരം സൂര്യയും ഒന്നിക്കുന്ന ചിത്രമായ 'കാപ്പാന്റെ' റിലീസ് തീയതി മാറ്റിവച്ചു. സിനിമ ലോകത്താകമാനം ആഗസ്റ്റ് മുപ്പതിന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇവർ റിലീസ് തീയതി മാറ്റി വയ്ക്കാനായി ആലോചിക്കുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനു പുറകെയാണ് ചിത്രത്തിന്റെ റിലീസ് സെപ്തംബർ 20തിലേക്ക് മാറ്റിയതായി വാർത്ത വരുന്നത്.

മുൻപ് 'കാപ്പാൻ' റിലീസ് ചെയ്യാനിരുന്ന തീയതിയായ സെപ്തംബർ 30ന് തന്നെയാണ് തെന്നിന്ത്യൻ നടൻ പ്രഭാസ് നായകനാകുന്ന 'സഹോ' റീലീസ് ചെയ്യുന്നത് കാരണമാണ് 'കാപ്പാന്റെ' റിലീസ് തീയതി അണിയറപ്രവർത്തകർ മാറ്റി വച്ചതെന്നാണ് അഭ്യൂഹം. അനൗദ്യോഗികമായാണ് ഈ വിവരം സിനിമയുടെ പിന്നണിക്കാർ വെളിപ്പെടുത്തിയത്. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന 'കാപ്പാൻ' ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.

എൻ.എസ്.ജി കമാൻഡോയുടെ വേഷമാണ് ചിത്രത്തിൽ സൂര്യക്ക്. ഹിന്ദി നടൻ ബൊമൻ ഇറാനി, സയേഷ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. തീവ്രവാദവും, പാകിസ്താനുമായുള്ള ഇന്ത്യയുടെ നിലവിലെ ബന്ധമാണ് ചിത്രം പ്രമേയമാകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഏറെ മുൻപ് തന്നെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. ടീസറിലും ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഇത്തരത്തിലുള്ള സൂചനകളാണ് ലഭിക്കുന്നത്.