സൂര്യാസ്തമയം കാണാനായി മാത്രം ബീച്ചിലും മറ്റും പോകുന്നവരുണ്ട്. സൂര്യസ്തമയത്തിന് എവിടെ നിന്നു നോക്കിയാലും ഭംഗി ആണെങ്കിലും ചില സ്ഥലങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. എന്നാൽ, കാശ്മീരിൽ സൂര്യാസ്തമയം കാണാനായി മാത്രം ചില സ്ഥലങ്ങളുണ്ട്. ഈ നാടിനെ പോലെ തന്നെ അത്രയധികം ഭംഗിയായിരിക്കും ഇവിടുത്ത സൂര്യോദയത്തിനും അസ്തമയത്തിനും. ഏറ്റവും മനോഹരമായി സൂര്യാസ്തമയം ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളിതാ...
കന്യാകുമാരി
സൂര്യോദയം കാണാനായി മാത്രം കന്യാകുമാരിയിലെത്തുന്നവരുണ്ട്. അറബിക്കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ കൂടിച്ചേരുന്ന കന്യാകുമാരിയിലെ സൂര്യാസ്തമയത്തിന് പ്രത്യേക ഭംഗിയാണ്. സൂര്യാസ്തമയം കാണാൻ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന ഒരിടം കൂടിയാണിത്.
താജ്മഹൽ
ലോകമാഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഏറെ വെെവിദ്ധ്യങ്ങൾ നിറഞ്ഞതാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയസ്മാരകത്തെ സാക്ഷിയാക്കി സൂര്യൻ കടലിലൊളിക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.
ദാൽ തടാകം
ഇന്ത്യയിലെ ശ്രീനഗറിലെ ഒരു പ്രധാന തടാകമാണ് ദാൽ തടാകം. ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ വേനൽക്കാല വസതികൂടിയാണ് ഇവിടം. ഇത് കാശ്മീർ താഴ്‌വരയിലെ അനേകം തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. കാശ്മീരിന്റെ സൗന്ദര്യം പ്രതിഫലിച്ചു കാണാൻ സാധിക്കുന്ന ഇടമാണ് ദാൽ തടാകം. ദാലിലിറങ്ങാതെ ഒരു കാശ്മീർ യാത്രയും പൂർത്തിയാവില്ല. കാശ്മീരിന്റെ കിരീടത്തിലെ രത്നം എന്നറിയപ്പെടുന്ന ദാലിൽ ഷിക്കാരയിലൂടെയുള്ള യാത്രയും തടാകക്കരയിലെ കാഴ്ചകളും ഇവിടേക്ക് ആകർഷിക്കുന്ന കാര്യങ്ങളാണ്. ഹിമാലയൻ മല നിരകളുടെ പശ്ചാത്തലത്തിൽ സൂര്യനിറങ്ങി പോകുന്ന കാഴ്ച ഇവിടെ നിന്നും മനോഹരമായി ആസ്വദിക്കുവാൻ കഴിയും.
ഫോർട്ട് കൊച്ചി
കൊച്ചിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫോർട്ട് കൊച്ചി. അറബിക്കടലിന്റെ റാണി എന്നാണ് കൊച്ചി അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖങ്ങളിലൊന്നാണ് കൊച്ചിയിലുള്ളത്. ചീനവലകൾ നിറഞ്ഞ കടലും കായലും ഒക്കെയുള്ള ഫോർട്ട് കൊച്ചി സൂര്യസ്തമയ കാഴ്ചകൾ കാണാനും ഏറെ ഭംഗിയാണ്. കൊച്ചിയിലെത്തുന്ന വിദേശികളാണ് ഫോർട്ട് കൊച്ചിയിലെ അസ്തമയത്തിന്റെ ആരാധകർ.
ഗുൽമാർഗ്
ഭൂമിയിലെ സ്വര്‍ഗമെന്ന വിശേഷണം പോലും നേടിയ കാശ്മീർ താഴ്‌വരയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ബാരമുള്ള ജില്ലയിലെ ഗുൽമാർഗ്. ശൈത്യകാല ടൂറിസത്തിന് പേരുകേട്ട ഗുൽമാർഗ് കാശ്മീരിലെ തന്നെ ഏറ്റവും സുന്ദരപ്രദേശമായും വിലയിരുത്തപ്പെടുന്നുണ്ട്. പൂക്കളുടെ മേട് എന്നറിയപ്പെടുന്ന ഇവിടം മഞ്ഞിലും പൂ വിരിഞ്ഞ് നിൽക്കുന്ന ഒരു കാഴ്ചയുണ്ട്.
ലേ
മറ്റൊന്നിനോടും പകരം വയ്ക്കാനില്ലാത്ത സൗന്ദര്യമാണ് കാശ്മീരിലെ ലേയെ മനോഹരിയാക്കുന്നത്. ഇവിടെ നിന്നെടുക്കുന്ന ഫോട്ടോകളിൽ പോലും അതിന്റെ പ്രത്യേകത തിരിച്ചറിയാം. താഴ്‌വരകളും ആശ്രമങ്ങളും പ്രകൃതിയുമൊക്കെ ചേർന്ന് ഈ സ്ഥലത്തെ ഏറെ പ്രത്യേകതകളുള്ളതാക്കി മാറ്റുന്നു. ഹിമാലയ രാജ്യമായ ലഡാക്കിന്റെ തലസ്ഥാനമായിരുന്നു ലേ. പഴയ ലഡാക് രാജവംശത്തിന്റെ ലേ കൊട്ടാരം ഇപ്പോഴും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.