women-muffin-top

നിങ്ങൾ അടുത്തിടെ വിവാഹം കഴിച്ച ആളാണോ? എങ്കിൽ നിങ്ങൾ തീർച്ചയായിട്ടും നിങ്ങളുടെ ശരീരം അൽപ്പം തടിച്ചിട്ടുണ്ടായിരിക്കാം. സാമാന്യവത്കരിക്കുന്നതല്ല. വിവാഹം കഴിഞ്ഞിട്ടുള്ള സ്ത്രീകൾ പൊതുവെ ശരീരം തടിച്ചവരാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രാജ്യത്ത് പലയിടത്തായിട്ടുള്ള വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് ഇങ്ങനെ ശരീരഭാരം കൂടിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന്റെ ലക്ഷണമാണെന്നും ഇങ്ങനെ സംഭവിക്കുന്നതിൽ യാതൊരു കുഴപ്പവും ഇല്ലെന്നുമാണ് പ്രചാരത്തിലുള്ള അഭിപ്രായം. എന്നാൽ ഇങ്ങനെ സ്ത്രീകൾ തടിക്കുന്നതിന് പിന്നിലെ യഥാർത്ഥ കാരണം എന്തെന്ന് ആർക്കും അത്ര വശമില്ല.

സ്ത്രീകളുടെ ഇടുപ്പിലും മാറിടത്തിലുമാണ് പ്രധാനമായും കൊഴുപ്പ് അടിയുന്നത്. വിവാഹശേഷം സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങുന്നത് കൊണ്ടും അതുമൂലം അവരുടെ ശരീരത്തിലുള്ള ഹോർമോണുകളിൽ മാറ്റങ്ങൾ സംഭവിക്കുന്നത് കാരണവുമാണ് സ്ത്രീകൾക്ക് മേദസ് വർദ്ധിക്കുന്നതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് ശരിയല്ല. ലൈംഗിക ബന്ധത്തിനിടെ ഭർത്താവിന്റെ ബീജം സ്ത്രീകളുടെ ആമാശയത്തിൽ എത്തുമെന്നും, കൊഴുപ്പിന്റെ അംശമുള്ള ബീജം ശരീരഭാരം കൂട്ടുന്നതിലേക്ക് സ്ത്രീകളെ നയിക്കും എന്നും ചിലർ പറയുന്നുണ്ട്. രണ്ടോ മൂന്നോ മില്ലിലിറ്റർ ബീജത്തിനുള്ളിൽ 15 കലോറികൾ മാത്രമാണ് ഉള്ളതെന്നും അത് തടി കൂടുന്നതിന് കാരണമാകില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, ലൈംഗിക ബന്ധവുമായി ഇതിന് കാര്യമായ ബന്ധമൊന്നുമില്ലെന്നും ഡോക്ടർമാർ പറയുന്നു.

വിവാഹത്തിന് ഉറപ്പിച്ച ശേഷം തടി കുറയ്ക്കാനായി പല പെൺകുട്ടികളും ജിമ്മുകളിലേക്കും യോഗാ സെന്ററിലേക്കും ഓടുകയാണ് പതിവ്. എന്നാൽ വിവാഹം കഴിഞ്ഞാലോ? ഈ പോക്ക് അങ്ങ് നിർത്തുകയും ചെയ്യും. അങ്ങനെ വരുമ്പോഴാണ് പിന്നെയും തടി കൂടുന്നത്, ചുരുക്കത്തിൽ സ്ത്രീകളെ വിവാഹശേഷം ദുർമേദസിലേക്ക് നയിക്കുന്ന കാരണങ്ങളിലൊന്ന് അലസതയാണെന്ന് കാണാം. വിവാഹശേഷം ബന്ധുവീടുകളിൽ വിരുന്നിന് പോകുന്നതാണ് ഇതിനുള്ള മറ്റൊരു കാരണം. വിരുന്നിന് പോകുമ്പോൾ സ്വാഭാവികമായും ഒരുപാട് ഡിന്നറുകളും അതോടൊപ്പം നിരവധി പലഹാരങ്ങളും കഴിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ ശരീരത്തിൽ കൊഴുപ്പ് കൂടുന്നതിൽ അത്ഭുതമൊന്നുമില്ല.

ഭർത്താവ് നൽകുന്ന സ്നേഹവും കരുതലും സ്ത്രീകളെ തടിച്ചികളാക്കി തീർക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്. സ്നേഹവും അർപ്പണബോധവുമുള്ള ഭർത്താവിനൊപ്പം ജീവിക്കുന്ന ഭാര്യമാർ തങ്ങൾ സുരക്ഷിതരാണ് എന്നാണ് ചിന്തിക്കുക. അങ്ങനെ സുരക്ഷിതത്വം കൂടുന്നത് സന്തോഷത്തിലേക്ക് നയിക്കുമ്പോൾ തടി അൽപ്പമൊന്ന് കൂടുകയും ചെയ്യും. 'ഹെൽത്ത് സൈക്കോളജി' എന്ന ആരോഗ്യ മാസികയിൽ വന്ന ഒരു ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീകളെ കുറ്റപ്പെടുത്താനൊന്നും ഒരുങ്ങേണ്ട. 'ഒബീസിറ്റി' മാസിക പറയുന്നത് അനുസരിച്ചാണെങ്കിൽ പുരുഷൻമാർക്കാണ് വിവാഹശേഷം സ്ത്രീളെക്കാൾ ഭാരം കൂടുന്നത്.