jammu-and-kashmir-

'ഭൂമിയിൽ സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ്, അതിവിടെയാണ്, അതിവിടെയാണ് 'എന്നാണ് മുഗൾ രാജാവ് ഷാജഹാൻ കാശ്‌മീരിന്റെ പ്രകൃതിഭംഗിയിൽ മയങ്ങി ആ നാടിനെ വിശേഷിപ്പിച്ചത്. ഇന്നത് കാശ്‌മീർ ടൂറിസത്തിന്റെ മുഖവചനമാണ്. അതേസമയം ഇന്നത്തെ കാശ്‌മീർ ഏഷ്യയുടെ വെടിപ്പുരയും സംഘർഷഭൂമിയുമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന നാല് യുദ്ധങ്ങളുടെയും മൂലകാരണം കാശ്‌മീർ എന്ന തർക്ക ഭൂമിയാണ്. അശോക ചക്രവർത്തിയാണ് ശ്രീനഗർ പട്ടണം സ്ഥാപിച്ചത്. കേരളത്തിന്റെ ആദിശങ്കരൻ ഒൻപതാം നൂറ്റാണ്ടിൽ വേദാന്തപ്രചാരണവുമായി കാശ്‌മീരിലെത്തി. അങ്ങനെ ഇന്ത്യൻ സംസ്‌കാരത്തിന്റെ ഒരു ഈറ്റില്ലമായി കാശ്‌മീരിനെ കണക്കാക്കാവുന്നതാണ്.

എന്നാൽ 14 -ാം നൂറ്റാണ്ടോടുകൂടി കാശ്‌മീർ മുഗൾ മുസ്ളിം ഭരണത്തിന്റെ അധീനതയിലായി. ഈ കാലഘട്ടത്തിൽ വിവിധ ജനവിഭാഗങ്ങളിൽ പെട്ടവർ - മുസ്ളിങ്ങളും പണ്ഡിറ്റുകളും സഹവർത്തിത്വത്തോടെ ജീവിച്ചിരുന്നെങ്കിലും സംഘർഷങ്ങളുമുണ്ടായിരുന്നു. പിന്നീട് 19-ാം നൂറ്റാണ്ടിലെ സിക്ക് ഭരണത്തോടു കൂടിയാണ് കാശ്‌മീർ ഹിന്ദുരാജാക്കന്മാരുടെ കീഴിലാവുന്നത്. അങ്ങനെ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ രാജാ ഹരിസിംഗ് ആയിരുന്നു അവിടുത്തെ ഭരണാധികാരി.

രാജാവിനെതിരെ മുസ്ളിം ജനവിഭാഗങ്ങളിൽ നിന്ന് വളരെയധികം എതിർപ്പുകളുണ്ടായിരുന്നു. സ്വാതന്ത്ര്യ കരാർ പ്രകാരം രാജാവിന് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനോ സ്വതന്ത്രമായി നിൽക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. രാജാവ് ഇന്ത്യയോട് ചേരാൻ സന്നദ്ധനായി. അങ്ങനെ 1947 ഒക്‌ടോബർ 26 ന് കാശ്‌മീർ ഇന്ത്യയുടെ ഭാഗമായി. അപ്പോഴേക്കും കാശ്‌മീരിന്റെ മൂന്നിലൊരു ഭാഗം പാകിസ്ഥാൻ കൈയടക്കിയിരുന്നു.

മുസ്ളിം ഭൂരിപക്ഷ പ്രദേശമായിരുന്നതിനാൽ പാകിസ്ഥാന്റെ 'ബ്ളാങ്ക് ചെക്ക് ' ആയാണ് ജിന്ന കാശ്‌മീരിനെ കണക്കാക്കിയിരുന്നത്. കാശ്‌മീർ ഇന്ത്യയോട് ചേർക്കപ്പെട്ടത് പാകിസ്ഥാന് ഉൾക്കൊള്ളാൻ ഇന്നും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വിഭജനത്തിന്റെ പൂർത്തിയാകാത്ത അജൻഡ എന്നാണ് പാകിസ്ഥാൻ കാശ്‌മീരിനെ വിശേഷിപ്പിക്കുന്നത്. യഥാർത്ഥത്തിൽ രാജഭരണകാലത്തു തന്നെ മുസ്ലിം ജനവിഭാഗങ്ങൾക്ക് ഇന്ത്യാ വിരുദ്ധ മനോഭാവം ഉണ്ടായിരുന്നു. ഇന്ത്യയിലെ നേതാക്കളാരും തന്നെ കാശ്‌മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് തുടക്കത്തിൽ കരുതിയിരുന്നില്ല. ചുരുക്കത്തിൽ ഇത്തരത്തിലുള്ള എതിർപ്പുകളും ചിന്താഗതിയും തണുപ്പിക്കാൻ വേണ്ടിയിട്ടാണ് ആർട്ടിക്കിൾ 370, പിന്നീട് 35 (എ)​ യും ഭരണഘടനയിൽ എഴുതിച്ചേർത്തത്. കാശ്‌മീരിന് സ്വയംഭരണാവകാശമായിരുന്നു ഈ നടപടിയുടെ ലക്ഷ്യം. പ്രതിരോധം,​ വാർത്താവിനിമയം,​ വിദേശനയം എന്നിവ ഒഴികെ മറ്റ് കാര്യങ്ങളിൽ ഇടപെടണമെങ്കിൽ കേന്ദ്രസർക്കാരിന് കാശ്‌മീർ അസംബ്ളിയുടെ സമ്മതം ആവശ്യമായിരുന്നു. ഈ പ്രത്യേക ആനുകൂല്യം പലപ്പോഴും വിഘടനവാദികൾക്ക് വളക്കൂറുള്ള മണ്ണാക്കി കാശ്‌മീരിനെ മാറ്റി.

തുടക്കത്തിൽ ഇന്ത്യൻ ദേശീയതയും കാശ്‌മീരി ദേശീയതയും തമ്മിലുള്ള പ്രശ്‌നമായിരുന്നു ഇതെങ്കിൽ ഇന്നിത് ഹിന്ദു ദേശീയതയും മുസ്ലിം ദേശീയതയും തമ്മിലുള്ള പ്രശ്‌നമാണ്. അതുകൊണ്ടാണ് ഐസിസ് പതാകകളും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും പാകിസ്ഥാൻ ജയ് വിളികളും അവിടുത്തെ പ്രതിഷേധത്തിന്റെ ഭാഗമാകുന്നത്.

സ്വർഗം തിരിച്ചുകിട്ടുമോ?​

രാഷ്‌ട്രപതിയുടെ വിജ്ഞാപനപ്രകാരം ഇന്നലെ മുതൽ ജമ്മു ആൻഡ് കാശ്‌മീർ നിയമസഭയുള്ള ഒരു കേന്ദ്രഭരണപ്രദേശമാണ്. ഇനി ഏതൊരു ഇന്ത്യൻ പൗരനും കാശ്‌മീരിൽ ഭൂസ്വത്തും സർക്കാർ തൊഴിലും നേടാം. ഇത് വലിയൊരു മാറ്റമാണ്. പ്രശ്‌ന പരിഹാരത്തിനുള്ള മാർഗമായിട്ടാണ് സർക്കാർ ഈ നടപടിയെ കാണുന്നത്.

കഴിഞ്ഞ സർക്കാരുകൾ സ്വീകരിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്‌തമായൊരു പാതയാണ് മോദി സർക്കാർ കാശ്‌മീർ വിഷയത്തിൽ അവലംബിക്കുന്നത്. ജമ്മു ആൻഡ് കാശ്‌മീർ ഒരു കേന്ദ്രഭരണ പ്രദേശമാകുന്നതോടു കൂടി ഇനി കാര്യങ്ങൾ കേന്ദ്രത്തിന് നേരിട്ട് നിയന്ത്രിക്കാം. പ്രത്യേക പദവി എടുത്ത് കളയുകയും ആനുകൂല്യങ്ങൾ റദ്ദാക്കുകയും ചെയ്‌തതോടു കൂടി ജമ്മു കാശ്‌മീരിന്റെ സ്വഭാവത്തിൽ ഘടനാപരമായ മാറ്റങ്ങളുണ്ടാകും. ജനവിഭാഗങ്ങളുടെ സ്വഭാവം മാറും. കേന്ദ്രഭരണ പ്രദേശമായതു കൊണ്ടുതന്നെ കാര്യങ്ങൾ ലഫ്‌റ്റനന്റ് ഗവർണർ നിയന്ത്രിക്കും.

സർക്കാർ നടപടിയുടെ ലക്ഷ്യം കാശ്‌മീരിലെ സമാധാനവും വികസനവുമാണ്. എന്നാൽ ഇത് എത്രമാത്രം സാദ്ധ്യമാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.